നീലേശ്വരം: നഗരസഭയിൽ കടിഞ്ഞിക്കടവ് നിന്ന് പുഴയോരത്ത് കൂടി പുതുതായി പണിയുന്ന റോഡ് പരിസ്ഥിതിക്ക് കോട്ടമാകുമെന്ന് ആക്ഷേപം. രണ്ടു കിലോമീറ്റർ നീളത്തിൽ പണിയുന്ന റോഡ് കണ്ടൽകാടുകൾ നശിപ്പിച്ചും തണ്ണീർതടങ്ങൾ നികത്തിയുമാണ് പണിയുന്നത്. ഇതോടെ വേലിയേറ്റത്തിൽ പുഴയിൽ നിന്ന് വെള്ളം കയറുന്നത് നിലക്കും.

കണ്ടൽകാടുകൾ ദേശാടനക്കിളികളുടെ താവളമാണ്. കണ്ടൽകാടുകൾ നശിക്കുന്നതോടെ ദേശാടനക്കിളികളുടെ വംശനാശവും സംഭവിക്കും. കുന്നിടിച്ചാണ് ഇവിടെ മണ്ണിട്ട് റോഡ് പണിയുന്നത്. അടുത്ത മഴക്കാലം വരുന്നതോടെ നാഗച്ചേരി , പടന്നക്കാട്, ചാത്തമ്പള്ള, അരയി, പനങ്കാവ്, നിലാങ്കര, മോനാച്ച പാടശേഖരങ്ങളിൽ മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് കൃത്രിമ വെള്ളപ്പൊക്കത്തിന് റോഡ് നിർമ്മാണം ഇടയാക്കുമെന്നും നാട്ടുകാർ പറയുന്നു.

ടി.കെ.സി സ്മാരക മന്ദിരം ഉദ്ഘാടനം

ചെറുവത്തൂർ: കമ്മ്യുണിസ്റ്റ് നേതാവ് ടി.കെ ചന്തന്റെ സ്മരണക്കായി പുതുതായി പണിത ടി.കെ.സി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും അനുസ്മരണവും നാളെ കോട്ടുമൂല ടി.കെ.സി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒമ്പതിന് കൊരയിച്ചാൽ കേന്ദ്രീകരിച്ച് വളണ്ടിയർമാർച്ചും പ്രകടനവും നടക്കും. തുടർന്ന് സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തും. പത്തിന് ടി.കെ.സി സ്മാരക മന്ദിരം മന്ത്രി ഇ. പി ജയരാജൻ ഉദ്ഘാടനം ചെയ്യും. എം. അമ്പൂഞ്ഞി അധ്യക്ഷനാകും. സി.പി. എം കേന്ദ്ര കമ്മിറ്റിയംഗം പി.
കരുണാകരൻ പാലിയേറ്റീവ് സെന്റർ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണൻ ഫോട്ടോ അനാഛാദനവും സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ്ചന്ദ്രൻ പ്രതിമ അനാഛാദനവും എം. രാജഗോപാലൻ എം.എൽ.എ സോവനീർ പ്രകാശനവും നിർവഹിക്കും.
വാർത്ത സമ്മേളനത്തിൽ എം. അമ്പൂഞ്ഞി, പി. കമലാക്ഷൻ, വി.പി ജാനകി, സി.വി തമ്പാൻ, കെ.എം അനിൽകുമാർ, സി. രാഘവൻ എന്നിവർ സംബന്ധിച്ചു.

വടക്കേവീട് തറവാട് കളിയാട്ടം

ചെറുവത്തൂർ: ക്ലായിക്കോട് എളേരി ശ്രീ വടക്കേവീട് തറവാട് കളിയാട്ടം 30,​ 31 തീയ്യതികളിൽ നടക്കും. കളിയാട്ടത്തിന്റെ അടയാളം കൊടുക്കൽ ചടങ്ങ് ഇന്നലെ നടന്നു. 30 നു രാവിലെ 10 ന് നടക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിക്കും. വൈകീട്ട് ആറിന് തിടങ്ങൽ. എട്ടിന് കമ്മാടത്ത് ഭഗവതി, വിഷ്ണുമൂർത്തി തോറ്റം . തുടർന്ന് വിവിധ കലാപരിപാടികൾ. 31 ന് രാവിലെ ഒൻപതരയ്ക്ക് വിഷ്ണുമൂർത്തി തുടർന്ന് കമ്മാടത്ത് ചാമുണ്ഡിയുടെ തിരുമുടി ഉയരും. അന്നദാനവും ഉണ്ടായിരിക്കും