mullappally-ramachandran

കാസർകോട്: സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാസർകോട് ഡി.സി.സി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയയിലെ രണ്ടു യുവാക്കളുടെ കൊലപാതകം വ്യക്തിപരമായ വിരോധത്തിന്റെ പേരിലാണെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത് കേസ് അട്ടിമറിക്കാനാണ്. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളൂ. സി.പി.എമ്മിന്റെ ജില്ലാ,​ സംസ്ഥാന നേതൃത്വത്തിന് കൊലപാതകത്തിൽ ബന്ധമുണ്ട്.

തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുള്ള എൽ.ഡി.എഫിന്റെ ബന്ധം മറച്ചുവയ്ക്കാനാണ് കോ-ലീ-ബി സഖ്യം എന്ന് പറഞ്ഞു നടക്കുന്നത്. 1914 ൽ ഹിന്ദുമഹാസഭ രൂപീകരിച്ചത് മുതൽ ആ പാർട്ടിയെ എതിർത്ത ചരിത്രമേ കോൺഗ്രസിനുള്ളൂ. പിണറായി വിജയൻ മുഖ്യമന്ത്രി ആയ ശേഷം പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ നൽകിയത് എല്ലാവിധ ഐശ്വര്യവും പ്രധാനം ചെയ്യുന്ന ആറന്മുള കണ്ണാടിയായിരുന്നു. നല്ല പ്രധാനമന്ത്രിയാണ് മോദിയെന്ന് പിണറായി പറയുകയും ചെയ്തു. ലാവ്‌ലിൻ കേസ് 12 തവണ മാറ്റിവയ്ക്കാൻ പിണറായിയെ സഹായിച്ചത് മോദിയാണ്. ആർക്കാണ് ബി.ജെ.പിയുമായി സഖ്യമെന്ന് സംവാദം നടത്താൻ പിണറായിയെയും കോടിയേരിയെയും മുല്ലപ്പള്ളി വെല്ലുവിളിച്ചു.

രഹസ്യ യോഗം അന്വേഷിക്കും

കോഴിക്കോട്ട് ഐ ഗ്രൂപ്പ് കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേർന്നെന്ന വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ,​ പത്രത്തിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും അന്വേഷിച്ചു കർശന നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.