കാസർകോട്: കാറിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി കറങ്ങിയ ഗുണ്ടാസംഘത്തിലെ 17 കാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ഉപ്പള വാട്ടർ ലെമൺ കോർട്ടേഴ്സിൽ താമസിക്കുന്ന തൗസീഫ് (19), ഉപ്പള ടൗണിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ രാത്രി 12 മണിയോടെ ഉപ്പള കൈക്കമ്പയിൽ മഞ്ചേശ്വരം സി.ഐ എ.വി ദിനേശ്, എസ്.ഐ സുഭാഷ് ചന്ദ്രൻ, എ.എസ്.ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഇതുവഴിയെത്തിയ കാറിന് കൈകാണിച്ചപ്പോൾ നിർത്താതെ പൊലീസിനെ വെട്ടിച്ച് അമിതവേഗത്തിൽ കടന്നുകളയുകയായിരുന്നു. പൊലീസ് സംഘം കാറിനെ പിന്തുടരുകയും ഉപ്പള സോങ്കാലിൽ വെച്ച് ജീപ്പ് കുറുകെയിട്ട് കാർ പിടികൂടുകയും കാറിലുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിടിച്ചെടുത്ത കെ.എൽ 14 ജി 6482 നമ്പർ മാരുതി ആൾട്ടോ കാറിൽ നടത്തിയ പരിശോധനയിലാണ് സീറ്റിനടിയിൽ നിന്നും രണ്ടു വടിവാൾ, ഒരു വെട്ടുകത്തി, ഒരു മരവടി, ഒരു ഇരുമ്പ് ദണ്ഡ് എന്നിവയുൾപ്പെടെയുള്ള മാരകായുധങ്ങൾ പിടികൂടിയത്.
ഉപ്പളയിലെ ഗുണ്ടാസംഘത്തിൽപെട്ടവരാണ് ഇവരെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. അന്വേഷണം നടന്നുവരികയാണെന്ന് സി. ഐ ദിനേശ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെയും തൗസീഫിനെ കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെയും ഹാജരാക്കി.
പടങ്ങൾ ..പൊലീസ് പിടിച്ചെടുത്ത മാരുതി ആൾട്ടോ കാറും മാരകായുധങ്ങളും. പ്രതി തൗസീഫ്
പള്ളി ഇമാമിനുനേരേ അക്രമം
രണ്ടുപേർക്കെതിരേ കേസ്
കാസർകോട്: പള്ളി ഇമാമിനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതിനിടെ ആക്രമിക്കപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാട്സ്ആപ് സന്ദേശം ഫോണിൽ വന്നിരുന്നതായി ഇമാം പറയുന്നു. അറബിയിൽ വന്ന സന്ദേശത്തിന്റെ വിവരം ജമാ അത്ത് കമ്മറ്റി ഭാരവാഹികളോട് പറയുകയും അവർ ഇക്കാര്യം കാണിച്ചു സൈബർ സെല്ലിന് പരാതിയും നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് അക്രമം നടന്നത് .നെല്ലിക്കുന്ന് ജംഗ്ഷനിലെ നൂർ മസ്ജിദ് ഇമാമും കർണാടക കൽമടുക്ക ഉച്ചില ഹൗസിൽ അബ്ദുൽ ഖാദറിന്റെ മകനുമായ അബ്ദുൽ നാസർ സഖാഫി (26) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
കുമ്പള ക്ഷേത്രത്തിൽ കവർച്ച
കാസർകോട്: കുമ്പളയിൽ ക്ഷേത്രത്തിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളി ആഭരണങ്ങൾ കവർച്ച നടത്തി. കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ വീരവിട്ടല ക്ഷേത്രത്തിലെ പുറത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ശ്രീകോവിൽ വാതിൽ പൊളിച്ചാണ് കവർച്ച നടത്തിയത്.
നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഭാരവാഹികൾ പറഞ്ഞു. ഗണപതിയുടെ വെള്ളി പ്രഭാബലി, വെള്ളി പീഡം, വെള്ളിയുടെ എലി, രുദ്രാക്ഷിമാല, പൂജ കർമ്മത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയാണ് കവർന്നത്. പിത്തളയിൽ തീർത്ത കിണ്ടി ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
വെള്ളിയാഴ്ച പുലർച്ചെ മേൽശാന്തി പൂജയ്ക്കെത്തിയപ്പോൾ ആണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത് . ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന എട്ട് സി.സി.ടി.വി കാമറകളിൽ രണ്ടെണ്ണം പ്ലാസ്റ്റിക്ക് കവറും തുണിയും കൊണ്ട് മറച്ചനിലയിലാണ്. മറ്റു കാമറകളിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
കുമ്പള സി.ഐ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തെളിവെടുപ്പിന് എത്തിയ പൊലീസ് നായ റൂണി മണം പിടിച്ച ശേഷം ദേശീയപാതയിലൂടെ ഓടി സമീപത്തെ നരസിംഹയുടെ വീടിനടുത്തു നിൽക്കുകയും കിണറിൽ എത്തിനോക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് പൊലീസ് കിണറിലും പരിശോധന നടത്തി. അതിനിടെ കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്തെ അബൂബക്കറിന്റെ പൂട്ടിയിട്ട വീട്ടിലും കഴിഞ്ഞ രാത്രി കവർച്ചാ ശ്രമം നടന്നിരുന്നു. വാതിൽ കുത്തിപൊളിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.