കാഞ്ഞങ്ങാട്: സുരക്ഷാ സംവിധാനമൊരുക്കാതെയുള്ള അപകടങ്ങൾ കടലിൽ വർധിക്കുന്നു. സർക്കാർ സഹായങ്ങൾ നൽകിയിട്ടും മത്സ്യ ബന്ധന ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് സംവിധാനം അടക്കമുള്ള സുരക്ഷാമാർഗ്ഗങ്ങളില്ല.

യാനങ്ങളിൽ ആവശ്യമായ സുരക്ഷാസംവിധാനം ഒരുക്കിയില്ലെങ്കിൽ മത്സ്യബന്ധന ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടിക്ക് ഫിഷറീസ് വകുപ്പ് തീരുമാനിച്ചുവെങ്കിലും എവിടെയുമെത്തിയിട്ടില്ല.കഴിഞ്ഞദിവസം കണ്ണൂരിൽ അപകടത്തിൽ പെട്ട ബോട്ടിൽ യാതൊരുവിധ സുരക്ഷ സംവിധാനവും ഒരുക്കിയിരുന്നില്ല. ഒരാഴ്ച്ച മുമ്പും കാഞ്ഞങ്ങാട് കടപ്പുറത്ത് നിന്നും നാടൻവള്ളത്തിൽ പുറപ്പെട്ട അഞ്ചംഗ സംഘം ആഴകടലിൽ തോണി മറിഞ്ഞ് അപകടത്തിൽ പെട്ടിരുന്നു. ഈ വള്ളത്തിലും ലൈഫ് ജാക്കറ്റ് അടക്കമുള്ള യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല.
യാനങ്ങളിൽ ലൈഫ് ജാക്കറ്റുകളെങ്കിലും ഒരുക്കാനാണ് അധികൃതർ പ്രധാനമായും ആവശ്യപ്പെടുന്നത്. ഫിഷറീസ് വകുപ്പിനു കീഴിൽ ജില്ലയിൽ 500 മത്സ്യബന്ധന യാനങ്ങൾ ഉണ്ടെങ്കിലും ഇതിൽ 375 എണ്ണം മാത്രമാണ് ലൈഫ്ജാക്കറ്റിന് അപേക്ഷ സമർപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. അപേക്ഷ നൽകിയവർ തന്നെ വിലയുടെ പത്ത് ശതമാനമായ 250 രൂപ പോലും അടച്ചിട്ടുമില്ല.

സർക്കാർ സഹായമുണ്ട്, എന്നിട്ടും
2500രൂപ വിലയുള്ള ലൈഫ്ജാക്കറ്റ് 90ശതമാനം സൗജന്യത്തിലാണ് നൽകിവരുന്നതെങ്കിലും യാനഉടമകൾ അത് വാങ്ങി ഉപയോഗിക്കുന്നതിനുപോലും തയ്യാറാകുന്നില്ലെന്നാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു ലക്ഷംരൂപ വരെ വിലയുള്ള സാറ്റലൈറ്റ് ഫോണും 80,000രൂപവരെ വിലയുള്ള ജി.പി.എസ്. സംവിധാനവും ഫിഷറീസ് വകുപ്പ് വിലയിൽ 90ശതമാനം സൗജന്യം നൽകിയാണ് യാന ഉടമകൾക്ക് നൽകുന്നത്.
ബോട്ടുകൾ ഉൾപ്പെടെയുള്ള വലിയ യാനങ്ങൾ നിർബന്ധമായും വാങ്ങി ഉപയോഗിക്കേണ്ടവയാണ് ഇത്തരം ഉപകരണങ്ങൾ. അപകടത്തിൽ പെട്ട യാനങ്ങളിലെ ആളുകൾക്ക് കരയിലുള്ളവരും രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടുന്നതിനും യാനത്തിന്റെ ലൊക്കേഷൻ എവിടെയാണെന്ന് തിരിച്ചറിയുന്നതിനും ഇത്തരം ഉപകരണങ്ങൾ അത്യാവശ്യമാണ്. സൗജന്യ നിരക്കിൽ നൽകുന്ന ഉപകരണങ്ങളുടെ ദുരുപയോഗവും പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറയുന്നു. അപകടത്തിൽ പെട്ട് വെള്ളത്തിലേക്ക് വീഴുമ്പോൾ ഒട്ടോമാറ്റിക്കായി കൊച്ചിയിലെ രക്ഷാപ്രവർത്തകർക്ക് സന്ദേശം നൽകിവരുന്ന ബീക്കൺ പലപ്പോഴും കരയിൽനിന്നും സന്ദേശമയച്ച് പ്രശ്നം സൃഷ്ടിക്കാറുണ്ട്. ഉപകരണം കുട്ടികൾക്ക് കളിക്കാൻ കൊടുത്ത സംഭവംപോലും ഉണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു