കണ്ണൂർ: നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കലാണ് പ്രധാനദൗത്യമെന്നും അതിനു മുമ്പൊരു മഹാസഖ്യമെന്നത് അപ്രായോഗികമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ വികാരം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമെ മോദി സർക്കാരിനെ അധികാരത്തിൽ നിന്നു മാറ്റിനിറുത്താൻ കഴിയൂ. തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരെ ഉറച്ചു നിൽക്കുന്നവരെല്ലാം ഇതു കഴിഞ്ഞാലും ബി.ജെ.പി വിരുദ്ധ സർക്കാരിനായി കൈകോർക്കുമെന്നാണ് പ്രതീക്ഷയെന്നും കാരാട്ട് പറഞ്ഞു.
കാരാട്ട് പറഞ്ഞത്
ബി.ജെ.പിയെ നേരിടുന്നതിൽ കോൺഗ്രസ് കുറച്ചുകൂടി ധൈര്യം കാണിക്കേണ്ടതുണ്ട്. ഹിന്ദുത്വ ശക്തികളോട് മൃദുസമീപനം സ്വീകരിക്കുന്നത് മതനിരപേക്ഷതയ്ക്ക് ഭീഷണിയാണ്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ ബി.ജെ.പി നയം തുടരുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
യഥാർത്ഥ വിഷയങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാൻ ദേശീയതയും രാജ്യസ്നേഹവും വിഷയമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പുൽവാമ ആക്രമണം സുരക്ഷാവീഴ്ചയായി ഇടതുപക്ഷം ഉയർത്തിക്കാട്ടിയപ്പോൾ ദേശവിരുദ്ധരായാണ് ചിത്രീകരിക്കപ്പെട്ടത്. ഇതിന്റെ പിന്നിലൊക്കെ ബി.ജെ.പിയുടെ രഹസ്യ അജൻഡയുണ്ട്.
മുഖ്യമന്ത്രിയാകാൻ ദേശീയനേതൃത്വത്തിന് യെദിയൂരപ്പ നൽകിയ 1800 കോടിയുടെ ഇടപാട് സംബന്ധിച്ചുള്ള കാരവൻ മാഗസിൻ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സുപ്രീംകോടതി, ഹൈക്കോടതി എന്നിവയുടെ മേൽനോട്ടത്തിൽ അടിയന്തര അന്വേഷണം നടത്തണം.