ധർമശാല: ധർമശാലയിലെ സൗഹൃദ വീഥിയിൽ അപകട ഭീഷണിയായി വൻമരങ്ങളും അനധികൃത വാഹന പാർക്കിംഗും .നവീകരിച്ച് തുറന്നുകൊടുത്ത ധർമശാല പറശിനിക്കടവ് റോഡിലാണ് അനധികൃത പാർക്കിംഗ് അപകടഭീഷണി ഉയർത്തുന്നത്. ഇടയ്ക്കിടെ ഇത് അപകടങ്ങൾക്ക് കാരണമാവുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിൽ തന്നെയാണ് അപകടഭീഷണി ഉയർത്തി ഉണങ്ങിയ വൻമരങ്ങളുമുള്ളത്. ഇതിനടുത്തുള്ള ധർമശാല എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ കടന്നുപോകുന്നത് അപകടഭീഷണിയിലുള്ള വൻമരത്തിന്റെ ചുവട്ടിലൂടെ നടന്നു പോവുന്നത്. കൂടാതെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര, പറശ്ശിനിക്കടവ് പാമ്പ് വളർത്ത് കേന്ദ്രം, പറശ്ശിനിക്കടവ് ആയുർവേദ ആശുപത്രി,, വിസ്മയ പാർക്ക്, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് ആളുകൾ പോകുന്നതും ഈ റോഡിലൂടെയാണ്.
ഉണങ്ങി വീഴാറായ മരം മുറിക്കാൻ അധികൃതർ നടപടി സ്വീകപരിക്കാത്ത പക്ഷം അപകടത്തിന് സാധ്യത ഏറെയാണ്. കൂടാതെ റോഡിൽ സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡ് അവഗണിച്ചും റോഡിന് ഇരുവശത്തും അനധികൃതമായി വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടുന്ന സ്ഥിതിയാണിവിടെയുള്ളത്. എന്നാൽ ഇതിനെതിരെ കാര്യമായ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ കാട്ടുന്ന വിമുഖതയാണ് അനധികൃത പാർക്കിംഗിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതെന്നാണ് നാട്ടുകരുടെ ആക്ഷേപം.
ദുരിതത്തിലാഴ്ത്തി അനധികൃത പാർക്കിംഗ്
അനധികൃത പാർക്കിംഗ് ഇതുവഴി കടന്നു പോകുന്ന മറ്റുള്ള വാഹനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.റോഡിന്റെ ഇരുവശത്തും നിയമം ലംഘിച്ചാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് ഇതിൽ കൂടുതലും. റോഡരികിൽ വാഹനം നിർത്തിയിടുന്നതിന് നിയന്ത്രണം വേണമെന്ന ആവശ്യം ഇവിടെ നേരത്തെ മുതലുണ്ട്.
അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം.. അനധികൃത പാർക്കിംഗ് നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കണം
നാട്ടുകാർ
'സൗഹൃദ വീതി'യിൽ അപകടഭീഷണി
അനധികൃത പാർക്കിംഗും ഉണങ്ങിയ മരങ്ങളും തലവേദന