ചെറുപുഴ: സ്ഥിരം അപകട മേഖലയായ പ്രാപ്പൊയിൽ-കുളത്തുവായ റോഡിന്റെ അശാസ്ത്രീയത പരിഹരിക്കാൻ ആവശ്യം. കുന്നിൻ പ്രദേശമായ കുളത്തുവായിലേക്കുള്ള ഏക റോഡാണ് ജനങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നത്. രണ്ട് മാസം മുൻപ് ഇവിടെ ജീപ്പ് അപകടത്തിൽ പ്രദേശവാസിയായ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പും നിരവധി അപകടങ്ങൾ നടന്നു. കുത്തനെയുള്ള കയറ്റവും വളവുമാണ് അപകടത്തിന് കാരണമാകുന്നത്. പ്രശ്നം പരിഹരിക്കണമെന്ന് ഉദയ സൂര്യൻ പുരുഷ സ്വയം സഹായ സംഘം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മെജോ വർഗ്ഗീസ് പ്രമേയം അവതരിപ്പിച്ചു. പി. യൂസഫ് നന്ദി പറഞ്ഞു.

എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരെ

ബി.ജെ.പി. പരാതി നൽകി
കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം മണ്ഡലത്തിലെ വിവിധ പൊതു സ്ഥലങ്ങളിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്കു വേണ്ടി ചുമരെഴുതുകളും പോസ്റ്ററുകളും സ്ഥാപിച്ചതിനെതിരെ ബി.ജെ.പി. പരാതി നൽകി. പി.കെ. ശ്രീമതിക്കെതിരെ ചട്ടലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ കളക്ടറോട് ആവശ്യപ്പെട്ടു. ബി.ജെ.പി. സംസ്ഥാന സെൽ കോ ഓർഡിനേറ്റർ കെ. രഞ്ജിത്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, സംസ്ഥാന കൗൺസിൽ അംഗം പ്രഭാകരൻ കടന്നപ്പള്ളി, യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ.പി. അരുൺ, ജില്ലാ പ്രസിഡന്റ് സി.സി. രതീഷ് എന്നിവരടങ്ങിയ സംഘമാണ് പരാതി നൽകിയത്.