കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ ഓട്ടോസ്റ്റാൻഡുകളിൽ ടോൾ ബൂത്തുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ്, ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ്, ചെമ്മട്ടം വയൽ ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് ടോൾ ബൂത്തുകൾ വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ദിവസവും നൂറുകണക്കിന് യാത്രക്കാർ എത്തുന്ന സ്ഥലങ്ങളാണിവിടെ.
നഗരത്തിൽ നിലവിൽ ടോൾ ബൂത്ത് പ്രവർത്തിക്കുന്നത് റെയിൽവേ സ്റ്റേഷനിൽ മാത്രമാണ്. തോന്നിയ രീതിയിൽ നഗരത്തിൽ മീറ്ററുകൾ ഘടിപ്പിക്കാതെ ഓടുന്ന ചില ഓട്ടോറിക്ഷകൾ രാത്രി കാലങ്ങളിൽ അധികവാടക ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്. നഗരത്തിൽ തലങ്ങും വിലങ്ങുമായി 25 ലധികം ഓട്ടോ സ്റ്റാൻഡുകളാണുള്ളത്. അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കരണമാണ് ഇതിനു പ്രധാന കാരണം.ഡിജിറ്റൽ മീറ്റർ ഹൈക്കോടതി നിർബന്ധമാക്കിയിട്ടും നഗരത്തിലെ ഓട്ടോകളിൽ ഇത് കൗതുകത്തിന് മാത്രമാണ് ഘടിപ്പിച്ചിട്ടുള്ളത്. ഓട്ടോറിക്ഷ - ടാക്‌സി നിരക്കു വർധനവിന് ശേഷം തോന്നിയ രീതിയിലുള്ള വാടകയാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ യാത്രക്കാരിൽ നിന്നും വാങ്ങുന്നത്. രാത്രികാലങ്ങളിൽ കാഞ്ഞങ്ങാടിനു പുറത്തു നിന്നുള്ള ഓട്ടോകളാണ് നഗരത്തിൽ സർവ്വീസ് നടത്തുന്നത്.