കണ്ണൂർ: പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലങ്ങളിലും സർക്കാർ-അർദ്ധ സർക്കാർ ഓഫീസ് പരിസരങ്ങളിലും സ്ഥാപിച്ച പ്രചരണ ബോർഡുകൾ നീക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. 7210 ബാനറുകൾ, പോസ്റ്ററുകൾ, ചുമരെഴുത്തുകൾ തുടങ്ങിയവയാണ് ആൻഡി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തത്. 11 മുതലാണ് നടപടി തുടങ്ങിയത്. വെള്ളിയാഴ്ച മാത്രം 1910 ബോർഡുകളാണ് നീക്കം ചെയ്തത്. 1558 പോസ്റ്ററുകൾ, 189 കൊടിതോരണങ്ങൾ, 156 ബോർഡുകൾ, ഏഴ് ചുമരെഴുത്തുകൾ എന്നിവ ഇതിൽപ്പെടുന്നു.
സ്‌ക്വാഡ് എടുത്തുമാറ്റിയ പ്രചാരണ സാമഗ്രികളുടെയും നീക്കംചെയ്യുന്നതിന്റെയും ചിലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തും. പൊതുസ്ഥലങ്ങളിലും സർക്കാർ-അർദ്ധ സർക്കാർ ഓഫീസുകളിലെയും പ്രചരണം സ്വന്തമായി നീക്കാൻ പാർട്ടികൾക്കും സർവീസ് സംഘടനകൾക്കും ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി നേരത്തേ നിർദേശം നൽകിയിരുന്നു.
തിരഞ്ഞെടുപ്പിന് റേറ്റ് ചാർട്ട് തയ്യാർ
പ്രചാരണത്തിന് ചിലവിടാം 70 ലക്ഷം
കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചു. 70 ലക്ഷം രൂപ വരെ ഒരു സ്ഥാനാർത്ഥിക്ക് ചിലവഴിക്കാമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള എല്ലാ ചിലവുകളും നിരീക്ഷിക്കുന്നുണ്ടെന്ന് സീനിയർ ഫിനാൻസ് ഓഫീസർ പി.വി നാരായണൻ പറഞ്ഞു.
നോമിനേഷൻ നൽകുന്നത് വരെയുള്ള ചിലവുകൾ പാർട്ടിയുടെയും തുടർന്ന് സ്ഥാനാർത്ഥിയുടെ ചിലവിനത്തിലുമാകും രേഖപ്പെടുത്തുക. ഇതിനായി ഒരു ഷാഡോ രജിസ്റ്ററും തയ്യാറാക്കിയിട്ടുണ്ട്. എക്‌സ്‌പെന്റീച്ചർ ഓഫീസറുടെ നേതൃത്വത്തിൽ വിവിധ ടീമുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചർ ഒബ്‌സർവർ, ഫ്ലൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീം, വീഡിയോ സർവെയ്‌ലൻസ് ടീം, വീഡിയോ വ്യൂവിംഗ് ടീം, അക്കൗണ്ടിംഗ് ടീം എന്നിവയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ചിലവ് വിവരം സമർപ്പിക്കണം.
ഷാഡോ രജിസ്റ്ററുമായി താരതമ്യപ്പെടുത്തി പൊരുത്തക്കേടുണ്ടെങ്കിൽ വിശദീകരണം ചോദിക്കും. ചിലവ് വിവരത്തോടൊപ്പം വൗച്ചറുകളും സമർപ്പിക്കണം. രാഷ്ട്രീയ പാർട്ടികൾ 90 ദിവസത്തിനകം വിവരങ്ങൾ ഇലക്ഷൻ കമ്മീഷനെയും അറിയിക്കണം.നോമിനേഷൻ നൽകുന്നതിന് ഒരു ദിവസം മുമ്പ് സ്ഥാനാർത്ഥികൾ ഒരു ബാങ്ക് അക്കൗണ്ട് പുതുതായി ആരംഭിക്കണം. ഇലക്ഷൻ ഏജന്റിന്റെയും സ്ഥാനാർത്ഥിയുടെയും ജോയിന്റ് അക്കൗണ്ടും പരിഗണിക്കും. എന്നാൽ നേരത്തെ ഉണ്ടായിരുന്ന അക്കൗണ്ടുകൾ ഉപയോഗിക്കാൻ പാടില്ല.
നൽകും കളർ പുസ്തകം
സ്ഥാനാർത്ഥികളുടെ ദൈനംദിന ചിലവുകൾ രേഖപ്പെടുത്താൻ ബുക്ക്‌ലെറ്റുകൾ ലഭ്യമാക്കും. മൂന്ന് നിറങ്ങളിലുള്ള പേപ്പറുകളിലാണ് പുസ്തകം തയ്യാറാക്കിയത്. വെള്ള നിറത്തിലുള്ള പേജുകളിൽ സ്ഥാനാർത്ഥിയുടെ വരവ്- ചെലവ് കണക്കും പിങ്ക് പേജിൽ പണമിടപാടും മഞ്ഞ പേജിൽ ബാങ്ക് മുഖാന്തിരം നടത്തിയ ഇടപാടിന്റെ വിവരങ്ങളുമാണ് രേഖപ്പെടുത്തേണ്ടത്. ഈ വിവരങ്ങൾ മൂന്ന് തവണയെങ്കിലും എക്‌സ്‌പെന്റീച്ചർ ഓഫീസർ പരിശോധിക്കും.
10000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ നടത്തുമ്പോൾ ക്രോസ്ഡ് ചെക്കായി മാത്രമേ നൽകാൻ പാടുള്ളു.
ജില്ലാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്
കണ്ണൂർ: ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് അസിസ്റ്റന്റ് കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. 97 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ 16 പേർ സ്ത്രീകളാണ്. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം. വനിത വിഭാഗത്തിൽ 47, 52, 57, 63, 72, 84, പ്ലസ് 84 എന്നീ ഗ്രൂപ്പുകളിലും പുരുഷവിഭാഗത്തിൽ 53, 59, 66, 74, 83, 93, 120, പ്ലസ് 120 എന്നീ ഗ്രൂപ്പുകളിലുമാണ് മത്സരം സംഘടിപ്പിച്ചത്. പഴയകാല താരങ്ങളായ പി. സുഗതൻ, കെ. അശോകൻ, കെ. ഷാഫി, കെ. ജഗന്നാഥൻ എന്നിവരെയും ആദരിച്ചു. കൃഷ്ണമേനോൻ സ്മാരക വനിത കോളേജിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി ആർ.ആർ ഭരത്കുമാർ, ജില്ലാ പ്രസിഡന്റ് സി.കെ സദാനന്ദൻ, അസോസിയേഷൻ സംസ്ഥാന ട്രഷറർ മോഹൻ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു. മംഗോളിയയിലെ ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവായ എം.എം ദിൽനയെ ആദരിച്ചു.