ആരോടു മത്സരിക്കാനാണ് രാഹുൽഗാന്ധി കേരളത്തിലേക്കു വരുന്നത്? ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതനിരപേക്ഷ പാർട്ടികൾ ശക്തമായ പ്രവർത്തനങ്ങളും കരുത്തുറ്റ നീക്കവും നടത്തുമ്പോൾ കേരളത്തിൽ മത്സരിക്കുന്നതിലൂടെ എന്തു സന്ദേശമാണ് രാഹുലും കോൺഗ്രസും നൽകുന്നത്? കേരളത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ വഴിക്ക് നടക്കും. രാഹുൽ വരുന്നതുകൊണ്ട് ആ പോരാട്ടത്തിന് മറ്റു പ്രത്യേകതകളൊന്നുമില്ല.
ഉത്തർപ്രദേശിലെ പ്രധാന രാഷ്ട്രീയ ശക്തികളായ എസ്.പിയും ബി.എസ്.പിയും അമേതി അടക്കം രണ്ടു സീറ്റുകൾ കോൺഗ്രസിനായി മാറ്റിവച്ചു. അത് അവരുടെ മഹത്വം. പ്രധാന എതിരാളികൾ അവിടെ ബി.ജെ.പി– സംഘപരിവാർ ശക്തികളാണ്. അതെല്ലാം വിട്ട് കേരളത്തിൽ മത്സരത്തിനെത്തുമ്പോൾ ആർക്കെതിരെയാണ് മത്സരം എന്നതാണ് പ്രശ്‌നം.
കേരളത്തിൽ എൽ.ഡി.എഫാണ് ബി.ജെ.പിയോടു മത്സരിക്കുന്നത്. ഇരുപത് മണ്ഡലങ്ങളിലും ഞങ്ങൾ ജയിക്കാനാണ് മത്സരിക്കുന്നത്. എന്തിനു മത്സരിച്ചെന്ന് ഫലം വരുമ്പോൾ വ്യക്തമാകും.