തൃക്കരിപ്പൂർ: സംസ്ഥാനത്തെ തീരദേശ വികസനം ലക്ഷ്യമിട്ട് എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന തീരദേശ ഹൈവെയുടെ ആദ്യഘട്ട നിർമ്മാണം വലിയപറമ്പിൽ നിന്നും ആരംഭിക്കുന്നതിന് അലൈമെന്റ് തയ്യാറാക്കുന്നു. നാറ്റ്പാകിന്റെ നേതൃത്വത്തിലാണ് അലൈമെന്റും ഡി. പി.ആറും തയ്യാറാക്കുന്നത്.

ഭൂവിസ്തൃതിയിൽ വീതി കുറഞ്ഞ മേഖലയാണ് വലിയപറമ്പ്. നിലവിലുള്ള പ്രധാന റോഡ് വീതി കൂട്ടി ഹൈവെയായി വികസിപ്പിക്കുന്നതിനാണ് ആദ്യ ഘട്ടത്തിൽ അലൈൻമെന്റ് തയ്യാറാക്കിയിരുന്നത്. കായലിനും കടലിനുമിടയിൽ സ്ഥിതി ചെയ്യുന്ന വലിയപറമ്പ് ദ്വീപിന് 50 മുതൽ 500 മീറ്റർ വരെയാണ് വീതിയുള്ളത്.

രണ്ടു രീതിയിലുള്ള അലൈൻമെന്റാണ് തയ്യാറാക്കുന്നത്. പാതയ്ക്ക് സമാന്തരമായി വിനോദ സഞ്ചാരം ലക്ഷ്യമിട്ട് സൈക്കിൾ ട്രാക്കും നിർമ്മിക്കും. റോഡിനുപുറമെ രണ്ടുമുതൽ മൂന്നുമീറ്റർ വീതിയിലാണ് 656 കിലോമീറ്റർ സൈക്കിൾ ട്രാക്ക് നിർമ്മിക്കുക.

കാസർകോട് ജില്ലയിൽ വലിയ പറമ്പ് പഞ്ചായത്തിലെ ഉദിനൂർ കടപ്പുറം മുതൽ മഞ്ചേശ്വരം കുഞ്ചത്തൂർ വരെ 91 കിലോമീറ്ററാണ് തീരദേശഹൈവേ. അഞ്ച് പുതിയ പാലങ്ങളും നിർമ്മിക്കും. ഇതിൽ 11 കിലോമീറ്റർ സംസ്ഥാന പാതയും 16 കിലോമീറ്റർ നാഷണൽ ഹൈവേയും ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്.

തൃക്കരിപ്പൂർ മണ്ഡലത്തിൽ 21.1 കിലോമീറ്റർ നീളത്തിലാണ് റോഡ് കടന്നുപോകുന്നത്. പാണ്ട്യാലകടവിലും അഴിത്തലയിലും രണ്ട് പുതിയ പാലങ്ങൾ നിർമ്മിക്കും. രണ്ടുതെങ്ങ് മുതൽ പാണ്ട്യാല കടവിലേക്ക് 450 മീറ്ററിലും പുലിമുട്ട് മുതൽ അഴീത്തല വരെ 280 മീറ്ററിൽ രണ്ട് പാലങ്ങളാണ് നിർമ്മിക്കേണ്ടത്. വലിയപറമ്പിലെത്തുന്ന വിനോദ സഞ്ചാരികൾ ഏറെയും എത്തുന്നത് മാവിലാകടപ്പുറം പുലിമുട്ടിലാണ്. ഈ കരയെ നീലേശ്വരം മുൻസിപാലിറ്റിയിലെ അഴീത്തലയുമായി ബന്ധിപ്പിച്ച് പുതിയൊരു പാലം കൂടി വരുന്നതോടെ വ്യാവസായിക രംഗവും വിനോദ സഞ്ചാര മേഖലയും വൻ കുതിച്ചുചാട്ടത്തിനാണ് വലിയപറമ്പ് കാതോർക്കുന്നത്. ഈ വർഷം നിർമ്മാണം തുടങ്ങുന്ന പാതയുടെ ഒന്നാം ഘട്ടം 2020 ൽ പൂർത്തികും.

തീരദേശ ഹൈവേ @ 6500 കോടി

ദേശീയ പാതയിലെ ഗതാഗത തിരക്ക് കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളേെയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 6500 കോടി രൂപ ചെലവിൽ തീരദേശ ഹൈവെ പണിയുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ റോഡിന് 5.5 മീറ്ററും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിൽ 7 മീറ്ററും വീതിയുണ്ടാകും. കിഫ്ബി വഴിയാണ് ഈ പദ്ധതിക്കുളള പണവും ലഭ്യമാക്കുന്നത്.