ചെറുവത്തൂർ: ശാരീരിക വിഷമതകൾ മൂലം ഒന്ന് എഴുന്നേറ്റിരിക്കാൻ പോലും വയ്യാതെ മൂന്നു വർഷമായി ഒരേ കിടപ്പിൽ കഴിയുന്ന കൊവ്വൽ എ.യു.പി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥി നേഹയുടെ 'സ്‌നേഹാമൃതം' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ പുതിയകണ്ടം ഗ്രാമമൊന്നാകെ അവളുടെ വീട്ടുമുറ്റത്തെത്തിച്ചേർന്നു. സമഗ്ര ശിക്ഷ അഭിയാൻ കാസർകോടും ബി.ആർ.സി ചെറുവത്തൂരും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആഹ്ലാദകരമായ അന്തരീക്ഷം പകരാനായി സംഘടിപ്പിക്കപ്പെട്ട ചങ്ങാതിക്കൂട്ടത്തിന്റെ ജില്ലാതല പ്രഖ്യാപനത്തിലാണ് നേഹയെന്ന കൊച്ചു മിടുക്കിയുടെ പുസ്തകം പ്രകാശിതമായത്. ഭിന്നശേഷിക്കാരായ സ്‌കൂളിൽ തീരെ ഹാജരാകാൻ സാധിക്കാത്ത, കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും വീട്ടിലെത്തി അവർക്ക് താങ്ങായി തങ്ങളുമുണ്ടെന്ന സന്ദേശം നൽകിയ ചങ്ങാതിക്കൂട്ടത്തിൽ ജില്ലയിൽ 234 ഭിന്നശേഷിക്കാരായ കുരുന്നുകൾ പങ്കാളികളായി. സബ്ബ് കലക്ടർ അരുൺ കെ. വിജയൻ ജില്ലാതല പ്രഖ്യാപനം നടത്തി പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കൊവ്വൽ എ.യു.പി സ്‌കൂൾ പ്രഥമാധ്യാപിക ഇ. ഉഷ പുസ്തകം ഏറ്റുവാങ്ങി. 12 കവിതകളടങ്ങിയ സമാഹാരത്തിന് അവതാരികയെഴുതിയത് പ്രശസ്ത കവി പത്മനാഭൻ നാലപ്പാടമായിരുന്നു. ചങ്ങാതിയെന്ന സ്വന്തം കവിത ചൊല്ലിയാണ് മുഖ്യാതിഥിയായ സബ് കളക്ടറെ വരവേറ്റത്.

എ.വി സ്മാരക ക്ലബ് ക്രമീകരിക്കാവുന്ന കട്ടിലും ചെറുവത്തൂർ മർച്ചന്റ്സ് യൂത്ത് വിംഗ് പുസ്തകവും അലമാരയും എ.കെ.ജി സ്മാരക ഗ്രന്ഥാലയം സ്റ്റേജും അനുബന്ധ സൗകര്യങ്ങളുമൊരുക്കിക്കൊടുത്തു
മൂന്നാം തരം വരെ പതിവുപോലെ വിദ്യാലയത്തിൽ പോയ വിമുക്തഭടൻ പ്രകാശന്റെയും ചെറുവത്തൂർ ഗവ. വെൽഫെയർ യു.പി സ്കൂൾ അധ്യാപിക ദീപയുടെയും മകളായ നേഹ കഴിഞ്ഞ മൂന്നുവർഷമായി ഒരേ കിടപ്പിലാണ്. എല്ലുകൾ പൊടിയുന്ന,​ കണ്ണിന്റെ കാഴ്ച മങ്ങുന്ന രോഗമാണ് നേഹയ്ക്ക്. പക്ഷേ പുസ്തകവായനയും എഴുത്തും നേഹയ്‌ക്കൊരു ഹരമാണ്. നേഹയെഴുതിയ കവിതകൾ ഇടയ്ക്കിടെ സ്‌കൂൾ അസംബ്ലിയിൽ അവളുടെ കൂട്ടുകാർ ചൊല്ലി അവതരിപ്പിക്കാറുണ്ട്.