കൂത്തുപറമ്പ്: എക്‌സൈസ് ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി പെരുവ ഗവ. യു.പി സ്‌കൂളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ കെ. ഷാജി ഉദ്ഘാടനം ചെയ്തു. ഇൻസ്‌പെക്ടർ കെ.പി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി മലബാർ കാൻസർ സെന്ററിലെയും കണ്ണൂർ മെഡിക്കൽ കോളേജിലെയും ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ഡോ. ഫിൻസ് ഫിലിപ്പ് കാൻസർ ബോധവത്കരണ ക്ലാസെടുത്തു. ഡോ. കരോളിവിൽ സൺ, ഫാത്തിമ ജലീൽ, സന്തോഷ് കുമാർ, നിഷ എന്നിവരടങ്ങിയ സംഘമാണ് പരിശോധിച്ചത്. പ്രിവന്റീവ് ഓഫീസർ വി. സുധീർ, കെ. രാമചന്ദ്രൻ, എസ്.ടി പ്രമോട്ടർ കെ. ഷീബ എന്നിവർ സംസാരിച്ചു. പെരുവ, ചെമ്പുക്കാവ്, കടൽക്കണ്ടം, കൊളപ്പ കോളനികളിലെ 300 പേർ പങ്കെടുത്തു. പ്രിവന്റീവ് ഓഫീസർ കെ. അശോകൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. ശ്രീജിത്, പി. അനീഷ്, അജേഷ്, പി. ബിജു, ഷാജി, ജലീഷ്, സുമേഷ്, പ്രജീഷ്, അൻവർ, ബിന്ദു എന്നിവർ നേതൃത്വം നൽകി.

കടുവയ്ക്ക് പിന്നാലെ കാട്ടാനയും

ആശങ്കയിൽ ശാന്തിഗിരി

കേളകം: കടുവയ്ക്ക് പിന്നാലെ കാട്ടാനയുടെ ശല്യവും രൂക്ഷമായതോടെ കേളകം ശാന്തിഗിരി നിവാസികൾ ആശങ്കയിൽ. വളർത്തുമൃഗങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണമുണ്ടായ പുന്നമറ്റം ജോജിയുടെ കൃഷിയിടത്തിലാണ് വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആറളം വന്യജീവി സങ്കേതത്തിനോട് ചേർന്ന് കിടക്കുന്ന ശാന്തിഗിരിയിലാണ് കാട്ടാനക്കൂട്ടം തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ചത്. പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.