കണ്ണൂർ: അച്ഛൻ ലോക്‌സഭാംഗമായിരുന്ന കാലത്ത് കൊച്ചു കുട്ടിയായിരുന്നെങ്കിലും ഹീരാ നെട്ടൂർ അക്കാലം മറന്നിട്ടില്ല. ഒന്നാം ലോക്‌സഭയിലെ അംഗമായിരുന്നു അച‌്ഛൻ നെട്ടൂർ പി.ദാമോദരൻ. പാർലമെന്റിലെ പ്രസംഗവും പ്രവർത്തനങ്ങളുമൊക്കെ അച്ഛൻ മക്കളുമായി പങ്കുവയ്ക്കും.ഇപ്പോൾ തലശേരി ഇല്ലിക്കുന്നിലെ 'പ്രണാമ'ത്തിലിരുന്ന് മകൾ ഹീര അക്കാലം ഓർമ്മയിൽ നിന്നെടുക്കുന്നു.
പ്രധാനമന്ത്രി നെഹ്റു, റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി... ഇവരുമായി നെട്ടൂർ പി. ദാമോദരന് വല്ലാത്ത ആത്മബന്ധമായിരുന്നു. തലശ്ശേരി എം.പി ആയിരുന്നെങ്കിലും കേരളത്തിലെ മുഴുവൻ പ്രശ്നങ്ങളും നെട്ടൂർ ലോക്‌സഭയിൽ ഉന്നയിക്കും. ഈ സ്വഭാവം കാരണം ഒരിക്കൽ നെഹ്‌റു ചോദിച്ചു: മിസ്റ്റർ ദാമോദരൻ നിങ്ങൾ തലശ്ശേരിയുടെ പ്രതിനിധിയോ അതോ ഇന്ത്യയുടെ മുഴുവൻ എം.പിയോ?
"ഇടുക്കി, മലപ്പുറം ജില്ലകളിലെ പ്രശ്നങ്ങളാണ് അന്ന് അച്ഛൻ ലോക്‌സഭയിൽ കൂടുതലും ഉന്നയിച്ചിരുന്നത്. ആ സമയത്ത് മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്നു മലബാർ. കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ പ്രതിനിധിയായിരുന്നു അച്ഛൻ. കെ. കേളപ്പനായിരുന്നു പ്രധാന സഹപ്രവർത്തകൻ. ഇന്നത്തെപ്പോലെ കൊടി നോക്കിയുള്ള രാഷ്ട്രീയം അന്നില്ല. വികസനം തന്നെയായിരുന്നു മുദ്രാവാക്യം. തലേശരി- മൈസൂരു റെയിൽപാത വരാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തയാളാണ് അച്ഛൻ. അതിനു വേണ്ടി റെയിൽവേ മന്ത്രി ശാസ്ത്രിയെ തലശ്ശേരിയിൽ കൊണ്ടുവന്ന് മൈസൂരു വരെ അദ്ദേഹം യാത്രചെയ്‌തു." ഹീരാ നെട്ടൂർ ഓർക്കുന്നു.
നെഹ്റുവിനെ കാണാൻ വേണ്ടി ഒരു ദിവസം രാത്രി മുഴുവൻ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് കിടന്നുറങ്ങിയ കഥ അച്ഛൻ പറയുന്നതു കേട്ടിട്ടുണ്ട്. സൈക്കിളിലാണ് അച്ഛന്റെ യാത്ര. കോഴിക്കോടിനു പുറത്തേക്ക് പോകുമ്പോൾ സ്റ്റാൻഡേർഡ് 10 കാറിൽ. ഗാന്ധിജി തലശ്ശേരി വഴി ട്രെയിനിൽ കടന്നു പോകുന്നുണ്ടെന്നറിഞ്ഞ് റെയിൽവെ സ്റ്റേഷനിൽ പോയി കാത്തുനിന്ന് ഗാന്ധിജിയുടെ കൈയിൽ ഉമ്മവച്ച കഥയും അച്ഛൻ പറഞ്ഞിട്ടുണ്ട്.
യാത്ര, അച്ഛന് എന്നും ലഹരിയുള്ള അനുഭവമായിരുന്നു. ദൂരയാത്ര പോകുമ്പോൾ ഞങ്ങളെയും കൂടെ കൂട്ടും. സ്റ്റാൻഡേർഡ് കാറിലെ ആ യാത്രകൾ ഇപ്പോഴും മറന്നിട്ടില്ല. ഞങ്ങൾ കാണാത്ത സ്ഥലങ്ങളിലേക്കായിരിക്കും യാത്ര. സാഹസിക യാത്രകളാണ് കൂടുതലും. എസ്.കെ. പൊറ്റക്കാടാണ് യാത്രയിൽ അച്ഛന്റെ ഗുരു. ഞങ്ങളുടെ വീട്ടിന് പ്രണാമം എന്നു പേരിട്ടതും പൊറ്റക്കാടാണ്- കൃഷിവകുപ്പിൽ നിന്ന് ജോയിന്റ് ഡയറക്ടറായി വിരമിച്ച ഹീര പറയുന്നു.