കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയിൽവേ മേൽപ്പാലം പണിയ്ക്ക് തടയിട്ട് സ്വകാര്യ വ്യക്തിയുടെ മതിൽ നിർമ്മാണം. പാളത്തിന്റെ ഇരു ഭാഗത്തും തൂണുകൾ ഉയർന്നതിന് പിന്നാലെയാണ് നിർമ്മാണ സാമഗ്രികൾ കൊണ്ട് പോകുന്നതിന് തടസമായി കൈയ്യേറ്റം ആരംഭിച്ചത്. ഇതോടെ നിർമ്മാണ തൊഴിലാളികളും ദുരിതത്തിലായി.
റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു.റെയിലിന് മുകളിലൂടെയുള്ള ഭാഗം കരാർ നൽകിയത് മറ്റൊരു കമ്പനിക്കാണ്. അവർ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ കഴിഞ്ഞ ദിവസം ഇറക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ 16 നാണ് മേൽപ്പാലത്തിന് തറക്കല്ലിട്ടത്. ഒരു വർഷത്തിനിടെ പണികൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെ പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ചിലർ പാലം നിർമ്മാണം തടസ്സപ്പെടുത്തും വിധത്തിൽ പ്രവർത്തിക്കുന്നത്.
പാലം സ്ഥലത്ത് മതിൽ പണിതതോടെ നിർമ്മാണ സാമഗ്രികൾ ഇറക്കിവയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. നേരത്തെയും സമാന രീതിയിലുള്ള പ്രശ്നങ്ങൾ ഇവിടെയുണ്ടായിരുന്നു. നഗരസഭയുടെ അനുമതി വാങ്ങാതെയായിരുന്നു നിർമ്മാണം. കാഞ്ഞങ്ങാട് നഗരത്തിൽ ഗതാഗത കുരുക്കിന് കാരണമാകുന്ന ഈ കൈയ്യേറ്റത്തിനെതിരെ നാട്ടുകാരിൽ അമർശം ശക്തമായിട്ടുണ്ട്.