കാഞ്ഞങ്ങാട്: നഗരത്തിന്റെ തീരപ്രദേശങ്ങളിൽ ഇരുളിൻ മറവിൽ മണൽ കൊള്ള വ്യാപകം. പടന്നക്കാട്, കല്ലൂരാവി, അജാനൂർ, പൊയ്യക്കര, കാറ്റാടി എന്നിവിടങ്ങളിലെ പറമ്പുകളിലും വയലുകളിൽ നിന്നുമാണ് വ്യാപകമായി അർദ്ധ രാത്രിയിൽ മണൽ കൊള്ളയടിക്കുന്നത്.

നൂറ്റൻപതടി മണലിന് പതിനയ്യായിരം രൂപയാണ് വില ഈടാക്കുന്നത്. മണൽ എടുക്കുന്ന സ്ഥല ഉടമയ്ക്ക് ലോഡിനു മൂവായിരം രൂപ നൽകും. ഈ കുഴി നികത്താൻ മലയോരത്ത് നിന്നും കുന്നിടിച്ച് മണ്ണും കടത്തുന്നുണ്ട്. ഗെയിൽ പൈപ്പിടുന്നതിനായി മണക്കടവ് പുഴയിൽ മണ്ണിടുന്നതിന്റെ മറവിൽ ഇവിടേക്ക് മണ്ണ് കടത്തുന്നതായും ആരോപണമുണ്ട്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ചാളക്കടവിലും ജനങ്ങൾ പ്രതിഷേധിച്ചിരുന്നു.

മണലെടുത്ത കുഴി മൂടാൻ ഒരു ലോഡ് ചെമ്മണ്ണിന് രണ്ടായിരത്തി അഞ്ഞുറു രൂപയാണ് തീരദേശത്തുള്ളവർ നൽകുന്നത്. ഇങ്ങനെ വിൽക്കലിനും വാങ്ങലിനും ഇടയിൽ ഉടമയ്ക്ക് അഞ്ഞുറു രൂപ ലഭിക്കും. നൂറു ലോഡ് വിറ്റാൽ അമ്പതിനായിരം രൂപയാണ് ഇങ്ങനെ കിട്ടുന്നത്. എന്നാൽ ഇതോടെ പ്രദേശത്തെ കിണറുകളിലെ വെള്ളവും മലിനമായിട്ടുണ്ട്. ഇതോടെ വെള്ളം ശുദ്ധീകരിക്കാനുള്ള യന്ത്രങ്ങൾ സ്ഥാപിക്കേണ്ട അവസ്ഥയാണ് പല വീടുകളിലും. അധികൃതർക്ക് പരാതി നൽകിയാൽ മണൽ മാഫിയയ്ക്ക് വിവരം കൈമാറുന്നതായും ഭീഷണി നേരിടുന്നതായും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.