കണ്ണൂർ:എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ശ്രീമതി ടീച്ചർഇരിക്കൂർ മണ്ഡലത്തിലെ മലയോര ടൗണുകളിലായിരുന്നു ഇന്നലെ പര്യടനം നടത്തിയത്. എരുവേശിയിൽ നിന്നായിരുന്നു തുടക്കം. ടീച്ചറെ ജനങ്ങൾ ഡിസ്റ്റിംഗ്ഷനോടെ വിജയിപ്പിക്കുമെന്ന് ചിത്രകാരൻ എബി .എൻ ജോസഫ് എരുവേശിയിലെ സ്വീകരണം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. പതിനേഴാം ലോകസഭ തെരെഞ്ഞടുപ്പ് ഇന്ത്യൻ ജനാതിപത്യത്തിന്റെ ഫൈനൽ ജഡ്ജ്‌മെന്റാണ്. വിലമതിക്കാൻ കഴിയാത്ത അഞ്ച് വർഷത്തെ വികസനമാണ് കണ്ണൂരിന് ടീച്ചർ സമ്മാനിച്ചത്. ആരോഗ്യ മന്ത്രി ആയിരിക്കെ എതിരാളികളുടെ പോലും പ്രശംസ ഏറ്റുവാങ്ങിയ മികവുറ്റ ജനപ്രതിനിധിയാണ് ടീച്ചറെന്നും എബി. എൻ. ജോസഫ് പറഞ്ഞു. എ. ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചേപ്പറമ്പ്, മിഡിലാക്കയം, വലിയ അരീക്കാമല ,കുടിയാനകക്കുന്ന്, നടുവിൽ ടൗൺ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. രാത്രി കൂത്തമ്പലത്തായിരുന്നു സമാപനം.ഇരുചക്രവാഹന റാലി, നാസിക് ബാന്റ് മേളം, മുത്തുക്കുടകൾ തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു ഓരോ സ്വീകരണവും.നേതാക്കളായ പി .വി. ഗോവിനാഥ്, കെ .എം. ജോസഫ്, കെ .വി സുമേഷ്, കെ. സന്തോഷ്, എം .കരുണാകരൻ, പി .വി. ബാബുരാജ്, കെ ചന്ദ്രൻ എം വേലായുധൻ, സി കെ ദാമോധരൻ, എ ജെ ജോസഫ്, തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. സാജ്യ ജോസഫ്,എം .രമേശൻ, അബ്ദുൾ ഖാദർ മടവൂർ, ഇ .കെ. വത്സൻ, ജോസ് ചെമ്പേരി, ടി .പ്രകാശൻ ..എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഇന്ന് പേരാവൂർ മണ്ഡലത്തിലാണ് പര്യടനം . രാവിലെ 8.30 ന് മുടിക്കയത്തു നിന്ന് ആരംഭിച്ച് രാത്രി പാറക്കണ്ടത്ത് സമാപിക്കും.

എസ്.ഡി.പി.ഐ സ്ഥാനാർത്ഥി പേരാവൂരിൽ പര്യടനം നടത്തി
പേരാവൂർ:പേരാവൂർ മണ്ഡലത്തിലെ ഇരിട്ടി മുനിസിപ്പാലിറ്റിയിൽ കണ്ണൂർ പാർലിമെന്റ് മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി കെ.കെ.അബ്ദുൾജബ്ബാറിന്റെ പര്യടനം.രാവിലെ 19 മൈൽ നിന്ന് ആരംഭിച്ച പര്യടനം വൈകുന്നേരത്തോടെ ഇരിട്ടിയിൽ അവസാനിച്ചു.
ചാവശ്ശേരി, നാടുവനാട്, കൂരൻമുക്ക്, നരയമ്പാറ, ഉളിയിൽ, പുന്നാട് തുടങ്ങിയ ടൗണുകളിൽ കച്ചവടക്കാരോടും, നാട്ടുകാരോടും, തൊഴിലാളികളോടും വോട്ട് അഭ്യർത്ഥിച്ചു. നരയമ്പാറ ഐഡിയൽ കോളേജ്, ഉളിയിൽ സുന്നി മജ്‌ലിസ്, കീഴുർ എം.ജി കോളേജ് എന്നിവിടങ്ങളിലും സന്ദർശനം നടത്തി.സത്താർ ഉളിയിൽ, പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി.എം നസീർ, റിയാസ് നാലകത്ത്, റഹീസ് ഇരിട്ടി, പി.എം അഷ്‌റഫ്, മുഹമ്മദലി നടുവനാട് എന്നിവരും നിരവധി പ്രവർത്തകരും ഉണ്ടായിരുന്നു.


അഷ്ടബന്ധ നവീകരണ കലശ മഹോത്സവം

പയ്യന്നൂർ: അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള കോറോം പെരുന്തണ്ണിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഒൻപത് ദിവസം നീണ്ട് നിൽക്കുന്ന അഷ്ടബന്ധ നവീകരണ കലശ മഹോത്സവം 27 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂരില്ലത്ത് വാസുദേവൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. 27 ന് വൈകീട്ട് 5ന് തന്ത്രിയെ സ്വീകരിച്ച് ആനയിക്കും. തുടർന്ന് സാംസ്‌കാരിക സമ്മേളനം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് ഭക്തിഗാനമേള , ആദ്ധ്യാത്മിക പ്രഭാഷണം, കോൽക്കളി, ഭജൻ സന്ധ്യ, ഫോർഡി ഡാൻസ്, പഞ്ചാരിമേളം, ഓട്ടൻതുളളൽ ,നൃത്തനൃത്യങ്ങൾ, സാമൂഹ്യ സംഗീത നാടകം ,അക്ഷര ശ്ലോകം, മെഗാ തിരുവാതിര തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. ഏപ്രിൽ ഒന്നിനും സമാപന ദിവസമായ നാലിനും ഉച്ചക്ക് അന്നദാനം ഉണ്ടാകും.
ചുറ്റമ്പലം, പ്രദക്ഷിണവഴി എന്നിവ പുതുതായി നിർമ്മിക്കുകയും ശ്രീകോവിൽ, നമസ്‌കാര മണ്ഡപം, ഭൂതത്താറിന്റെ ആസ്ഥാനം ,ഗോപുരം, മറ്റ് ഉപദേവൻമാരായ ഗണപതി, ഭഗവതി, അയ്യപ്പൻ ആസ്ഥാനങ്ങൾ നവീകരിക്കുകയും തിരുമുറ്റം തറയോട് പാകി നിരപ്പാക്കുകയും ചെയ്തിട്ടുണ്ട് .ചുറ്റുമതിൽ നിർമ്മാണമാണ് ഇനി പൂർത്തിയാകുവാനുള്ളത്. മൊത്തം എഴുപത് ലക്ഷത്തോളം രൂപ ചെലവ് വരുന്ന നവീകരണ പ്രവർത്തനത്തിന് നാൽപത് ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പി.ടി.ദാമോദരൻ ,ടി.അപ്പുണ്ണി പൊതുവാൾ,ഇ.പി.വിജയകുമാർ,
വി.എം.ഉണ്ണികൃഷ്ണൻ നമ്പീശൻ,കെ.രമേശൻ നമ്പൂതിരി, ,പി.ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.

ബെഫി പ്രതിഷേധപ്രകടനം
കണ്ണൂർ:ബാങ്ക് ലയനനീക്കം ഉപേക്ഷിക്കുക, പൊതുമേഖലാ ബാങ്കിങ് സംവിധാനം ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂരിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) യുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിജയാ ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ രാജൻ, ടോമി മൈക്കിൾ, അമൽ രവി എന്നിവർ സംസാരിച്ചു.

സൈനികർക്കായി വർണ്ണചിത്രങ്ങളുടെ സ്‌നേഹോപഹാരം
തലശ്ശേരി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്‌സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ സൈനികർക്കായി വർണ്ണചിത്രങ്ങളുടെ സ്‌നേഹോപഹാരമൊരുക്കുന്നു. നാളെ രാവിലെ മുതൽ വൈകിട്ട് വരെ സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പിൽ പിറവിയെടുക്കുന്ന ചിത്രങ്ങൾ 31 ന് കണ്ണൂർ ഡി.എസ്.സി.സെന്ററിൽ എത്തിച്ച് കമാൻഡന്റിന് കൈമാറുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
91-93 കാലഘട്ടത്തിൽ പഠിച്ചിറങ്ങിയ നൂറിൽപരം പൂർവ്വ വിദ്യാർത്ഥികളും കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാരും സംബന്ധിക്കുന്ന ക്യാമ്പ് രാവിലെ 10ന് പ്രമുഖ ചിത്രകാരൻ കെ.കെ.മാരാർ ഉദ്്ഘാടനം ചെയ്യും. കമാൻഡന്റ് അജയ് ശർമ്മ വിശിഷ്ടാതിഥിയാവും. പ്രശസ്തരായ അഞ്ച് ചിത്രകാരന്മാർ ക്യാമ്പിന് മേൽനോട്ടം വഹിക്കും.ക്യാമ്പിൽ വരച്ചെടുക്കുന്ന ചിത്രങ്ങൾ 29,30 തിയ്യതികളിൽ മലയാള കലാഗ്രാമത്തിൽ പ്രദർശിപ്പിക്കും. വാർത്തസമ്മേളനത്തിൽ കെ.ഇ.സലോചന, ഗിരീഷ് തൊവരായി, സജൽ ചില്ലമേട,,ഷനില, കൃപാൽ, സംബന്ധിച്ചു.

കരിയർ കൗൺസിലിംഗ്
കുഞ്ഞിമംഗലം: ക്രിയേറ്റീവ് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ചിത്രകലാഭിരുചിയുള്ള ഹൈസ്‌കൂൾ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള തുടർപഠനമേഖലകളായ എൻ.ഐ.ഡി,എൻ.ഐ.എഫ്്.ടി,ബി.ആർക്ക്്,ബി.എഫ്.എ എന്നീ പ്രൊഫഷണൽ കോഴ്‌സുകളിലേക്കാവശ്യമായ സൗജന്യ കരിയർ കൗൺസിലിംഗ് 30ന് ഉച്ചയ്ക്ക് 2.30 ന് പയ്യന്നൂരിലുള്ള കൈരളി മിനി ഓഡിറ്റോറിയത്തിൽ നടക്കും. ക്രിയേറ്റീവ് കമ്മ്യൂണിറ്റി, പയ്യന്നൂർ കോളേജ് സ്റ്റോപ്പ്, എടാട്ട്, പയ്യന്നൂർ എന്ന വിലാസത്തിൽ ബന്ധപ്പെടണം.ഫോൺ:9544194401.


എസ.ഡി.പി.ഐ ലീഗ് സംഘട്ടനം അഞ്ചുപേർക്ക് പരിക്ക്.
തളിപ്പറമ്പ്: എസ്.ഡി.പി.ഐ ലീഗ്
സംഘട്ടനം അഞ്ചുപേർക്ക് പരിക്ക്. യൂത്ത് ലീഗ് പ്രവർത്തകരായ കെ.വി.അഫ്‌സൽ(24) പി.ഹബീബ്(23)എന്നിവരെ പരിക്കുകളോടെ ലൂർദ്ദ് ആശുപത്രിയിലും ലീഗിൽ നിന്ന് രാജിവെച്ച് എസ്.ഡി.പി.ഐയിൽ ചേർന്ന കാടീരകത്ത് മീത്തലെപുരയിൽ അബ്ദുള്ളയെ(25) പരിക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ആലക്കോട് മൂന്നാംകുന്നിൽ എസ.്ഡി.പി.ഐ ലീഗ് സംഘട്ടനത്തിൽ പരിക്കേറ്റ് തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിൽ കഴിയുന്ന യൂത്ത്‌ലീഗ് പ്രവർത്തകരായ പി.കെ.ഹനീഫ, കെ.വി.അഫ്‌നാസ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവരെ സന്ദർശിച്ച് തിരിച്ചുപോകുമ്പോഴാണ് അഫ്‌സലിനെയും ഹബീബിനെയും രാത്രി തളിപ്പറമ്പിൽ വച്ച് ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം മർദ്ദിച്ചത്.

കൊട്ടിയൂർ വൈശാഖ മഹോത്സവം;
കയ്യാലകളുടെ ലേലം നടന്നു
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിൽ നിർമ്മിക്കേണ്ട കയ്യാലകളുടെയും ഉത്സവത്തിന് ആവശ്യമായ മറ്റ് വസ്തുക്കളുടെയും ലേലം ഇന്നലെ കൊട്ടിയൂരിൽ നടന്നു. കൊട്ടിയൂർ സ്വദേശി പ്രഭാകരൻ 14 ലക്ഷം രൂപയ്ക്കാണ് ലേലം ഏറ്റെടുത്തത്. പതിമൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപയ്ക്കായിരുന്നു കഴിഞ്ഞ വർഷത്തെ ലേലത്തുക. മലബാർ ദേവസ്വം ബോർഡ് ഹെഡ് ക്ലാർക്ക് പി.എസ്.സുരേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് ലേല നടപടികൾ നടന്നത്.കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി.ബാലൻ നായർ ,പാരമ്പര്യ ട്രസ്റ്റിമാരായ കെ.സി.വേലായുധൻ നായർ, ആക്കൽ ദാമോദരൻ നായർ, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ മഞ്ചിത് കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഏപ്രിൽ 21ന് പ്രക്കൂഴത്തിന് ശേഷമാവും അക്കരെ കൊട്ടിയൂരിൽ കയ്യാല നിർമ്മാണം ആരംഭിക്കുക.

പ്രമുഖരെ സന്ദർശിച്ച് തന്ത്രി
കാസർകോട്: എൻ.ഡി.എ സ്ഥാനാർത്ഥി കുണ്ടാർ രവീശതന്ത്രി ഇന്നലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു. മധൂരിൽ നിന്നായിരുന്നു തുടക്കം. ഉളിയത്തടുക്ക ശ്രീ ശക്തി ഭജന മന്ദിരത്തിയ അദ്ദേഹത്തെ പുരോഹിതരത്‌ന വി.കെ.കേശവാചാര്യ, പ്രസിഡന്റ് ആർ.സന്തോഷ് ഗട്ടി, രാമ അഡിഗ, ജോ.സെക്രട്ടറി വിജയൻ, നവീൻ കുമാർ ഷെട്ടി, വി.മണികണ്ഠൻ, രതീഷ് തുടങ്ങിയവർ സ്വീകരിച്ചു. കുമ്പഡാജെയിൽ ബി.എം.എസ് കുതിരപ്പാടി യൂണിറ്റ് ഓഫീസിനു മുന്നിൽ കാത്തുനിന്ന പ്രവർത്തകരുമായി അൽപ്പനേരം ചെലവഴിച്ചു. ഇതിന് ശേഷം എൻ.ഡി.എ കാസർകോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്, ബദിയഡുക്കയിലെ ബി.ജെ.പി കാസർകോട് മണ്ഡലം ഓഫീസിൽ സ്ഥാനാർത്ഥി തന്നെ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ ,ദേശീയ കൗൺസിൽ അംഗം എം.സഞ്ജീവഷെട്ടി, സംസ്ഥാന സമിതിയംഗം പി.സുരേഷ് കുമാർ ഷെട്ടി തുടങ്ങിയവർ ഇവിടെയുണ്ടായിരുന്നു. മഹാകവി കിഞ്ഞണ്ണറൈയുടെ ഭവനത്തിലെത്തിയ സ്ഥാനാർത്ഥിയെ മകൻ കൃഷ്ണപ്രദീപ് റൈ സ്വീകരിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ അഗൽപ്പാടി ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ കൂടിനിന്നവർ സ്വീകരിച്ചു.കുമ്പഡാജെ പഞ്ചായത്തിലെ കുത്തക്കള കോളനിയിലും സ്ഥാനാർത്ഥിയെത്തി.


പയ്യന്നൂർ മണ്ഡലത്തിൽ സി.പി.എം.തെരഞ്ഞെടുപ്പ് അവലോകന യോഗം
പയ്യന്നൂർ: കാസർകോട്് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു സി.പി.എം പയ്യന്നൂർ അസംബ്ലി മണ്ഡല തെരഞ്ഞെടുപ്പ് അവലോകന യോഗം പയ്യന്നൂർ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസായ എ.കെ.ജി.മന്ദിരത്തിൽ .
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ നടന്നു.ഏതാണ്ട് രണ്ട് മണിക്കൂറോളം യോഗം നീണ്ടു.
പി.കരുണാകരൻ എം.പി, എം.എൽ.എ.മാരായ സി.കൃഷ്ണൻ, ടി.വി.രാജേഷ്, സി.പി.എം.കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ, കാസർകോട് ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ടി. ഐ. മധുസൂദനൻ ,സി.സത്യപാലൻ, വി.നാരായണൻ, കെ.പി.മധു, സരിൻ ശശി തുടങ്ങിയവർ സംബന്ധിച്ചു. സി.പി.എം. പയ്യന്നൂർ മണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗം കഴിഞ്ഞ് ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് പുറത്ത് വന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.


ഇത് മനുഷ്യത്വം വറ്റിപ്പോകുന്ന കാലം:എം.മുകുന്ദൻ
പാനൂർ: അഹിംസയുടെ കാലമാണിതെന്നും മനസ്സിൽ നിന്നും മനുഷ്യത്വം വറ്റി പോവുകയാണെന്നും നോവലിസ്റ്റ് എം.മുകുന്ദൻ. പാനൂർ യു.പി.സ്‌കൂൾ അങ്കണത്തിൽ പ്രിസം ബുക്‌സ്പ്രസിദ്ധീകരിച്ച കെ.പി.എ റഹിം സത്യാന്വേഷകനായ മനീഷി എന്ന ഓർമ്മപുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വലിയ രാഷ്ട്രീയനേതാവിന് ലഭിക്കുന്നതിലും മീതെയുള്ള ആദരവാണ് റഹിം മാസ്റ്റർക്ക് ലഭിച്ചത്.ബസ്സ്റ്റാൻഡിലും സ്‌കൂൾ മുറ്റത്തുമൊക്കെ നിന്ന് സാധാരണക്കാരായ ജനങ്ങളോടാണ് അദ്ദേഹം സംസാരിച്ചത്.രാജ്യം മുഴുവൻ ഗോഡ്‌സെയുടെ പ്രതിമകൾ സ്ഥാപിക്കണമെന്നാണ് സാക്ഷി മഹാരാജ് പാർലിമെന്റിൽ വാദിച്ചത്.ഇവിടെ സാംസ്‌ക്കാരികമായ പ്രതിരോധ നിര ഉയർന്നുവരണമെന്നും മുകുന്ദൻ പറഞ്ഞു.ഡോ. കെ.പി.മോഹനൻ അദ്ധ്യക്ഷനായി. എഴുത്തച്ഛൻ പുരസ്‌ക്കാര ജേതാവ് എം .മുകുന്ദന് പ്രിസത്തിന്റെ ഉപഹാരം അബ്ദുൾ സമദ് സമദാനി സമർപ്പിച്ചു.ഷൗക്കത്ത്, രാജു കാട്ടുപുനം സംസാരിച്ചു. ഡോ.വി.കെ.ശശിധരൻ സ്വാഗതവും കെ.കുമാരൻ നന്ദിയും പറഞ്ഞു. പായം കൊണ്ടമ്പ്ര കിരാതേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറക്കൽ ഘോഷയാത്ര

പ്രതിഷ്ഠാ മഹോത്സവം
ഇരിട്ടി: പായം കൊണ്ടമ്പ്ര കിരാതേശ്വര ക്ഷേത്രത്തിലെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രതിഷ്ഠാമഹോത്സവം തുടങ്ങി കരിയാലിൽ നിന്ന് ക്ഷേത്രത്തിലെക്ക് കലവറ നിറക്കൽ ഘോഷയാത്ര നടന്നു.തുടർന്ന് സംസ്‌കാരിക സമ്മേളനം മെഗാ തിരുവാതിര, ഭക്തിഗാന ഫ്യൂഷൻ ഇന്ന് പ്രഭാഷണം, നിറമാല, തായമ്പക, നൃത്തനൃത്ത്യങ്ങൾ, ഓട്ടം തുള്ളൽ, നാളെ കൂട്ടി കളുടെ കലാപരിപാടികൾ മിമിക്‌സ് പരേഡ്, വിൽക്കലാമേള എന്നിവ നടക്കും.