തൃക്കരിപ്പൂർ: വലിയപറമ്പ് കടൽത്തീരത്ത് ഒലിവ് റിഡ്ലി ഇനത്തിൽപ്പെട്ട കടലാമ ചത്ത് കരയ്ക്കടിഞ്ഞു. വലിയപറമ്പ് പാലത്തിന് പടിഞ്ഞാറു ഭാഗത്തെ കടലോരത്താണ് ഒരു മുറത്തോളം വലിപ്പമുള്ള അമ്പത് കിലോ ഭാരം വരുന്ന കൂറ്റൻ ആമ അടിഞ്ഞത്.വിവരമറിഞ്ഞ് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും കടപ്പുറത്തെത്തി.പ്ളാസ്റ്റിക് മാലിന്യം കഴിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. വേറെ പരിക്കുകളൊന്നും കാണാനില്ല.
ഡിസംബർ മുതൽ മാർച്ച് വരെ കടലാമകൾ കൂട്ടത്തോടെ കരയിൽ മുട്ടയിടാൻ എത്താറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇവയുടെ വരവ് കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തോടെ കടലാമകളുടെ പ്രചനനം വൻതോതിൽ കുറഞ്ഞതാണിതിന് കാരണം. വെളുത്ത വാവ് സമയത്താണ് ഇവ കൂടുതലും കരയ്‌ക്കെത്താറുള്ളത്. ചിലയിടങ്ങളിൽ ഇവയുടെ മുട്ട സംരക്ഷിച്ച് വിരിയിച്ച് കടലിലേക്ക് ഇറക്കിവിടാൻ പ്രദേശവാസികൾ തന്നെ കൈകോർക്കാറുണ്ട്. ജില്ലയിൽ തൈക്കടപ്പുറം, വലിയപറമ്പ്, കാവു ഗോളി കടപ്പുറം എന്നിവിടങ്ങളിൽ വിവിധ സന്നദ്ധ സംഘടനകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന ശേഷം വല മുറിച്ചുമാറ്റി കടലിലേക്ക് വലിച്ചെറിയുന്നതും കടലിലേക്ക് ചിലയിടങ്ങളിൽ പരിസരവാസികൾ തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഭക്ഷ്യവസ്തുവാണെന്ന് കരുതി തിന്നുന്നതും അമിതോഷ്ണവുമാണ് കടലാമകൾക്ക് മരണക്കുരുക്കായത്.