kasaragod-lok-sabha-const

കാസർകോട്: തുളുനാടൻ കളരിയിൽ പോരാട്ടത്തിന്റെ കനൽച്ചൂട്.സാക്ഷാൽ എ.കെ.ജിയിലൂടെ പാർലമെന്റിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ പ്രതിപക്ഷ നേതാവാകാൻ നിമിത്തമായ മണ്ഡലം. ഈ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും പ്രചാരണത്തിൽ സജീവമായതോടെ മണ്ഡലത്തിൽ മത്സരവീര്യം പ്രകടം.

എ.കെ.ജി പടനയിച്ച പാതയിൽ അരുമശിഷ്യൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സതീഷ് ചന്ദ്രന്റേത് ലോക്‌സഭയിലേക്ക് കന്നിയങ്കമാണ്. രണ്ടു തവണ തൃക്കരിപ്പൂർ എം.എൽ.എ ആയിരുന്നതിന്റെ അനുഭവ പരിചയമുണ്ട്. മറ്റ് രണ്ടു മുന്നണികളിലും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ പ്രചാരണം കൊഴുപ്പിച്ച് മുന്നിലെത്താൻ ഇടതുമുന്നണിക്കായി.

1984- ൽ സി.പി.എം നേതാവ് ബാലാനന്ദനെ അട്ടിമറിച്ച യു.ഡി.എഫിലെ ഐ. രാമറൈയുടെ പാരമ്പര്യം നിലനിർത്തുമെന്ന വാശിയിലാണ് യു.ഡി.എഫിലെ രാജ്‌മോഹൻ ഉണ്ണിത്താൻ. എ.ഐ.സി.സി അംഗവും കെ.പി.സി.സി വക്താവും ആയിരുന്ന ഉണ്ണിത്താന് കാസർകോടിന്റെ രാഷ്ട്രീയ വഴികൾ വേണ്ടത്ര പരിചിതമല്ലെങ്കിലും യു.ഡി.എഫിന് വളക്കൂറുള്ള മണ്ണാണെന്ന് അദ്ദേഹവും തിരിച്ചറിയുന്നു.

ബി.ജെ.പി ആകട്ടെ, 2014-ലെ തിരഞ്ഞെടുപ്പിൽ 1.75 ലക്ഷവും 2016-ൽ 2.5 ലക്ഷത്തോളവും വോട്ടുകൾ ലഭിച്ച തങ്ങളുടെ പ്രസ്റ്റീജ് മണ്ഡലം ഇരുമുന്നണികളിൽ നിന്നും ഇത്തവണ പിടിക്കുമെന്നു പ്രഖ്യാപിച്ചാണ് താന്ത്രികാചാര്യൻ രവീശ തന്ത്രി കുണ്ടാറിനെ കളത്തിലിറക്കിയിരിക്കുന്നത്. തുളുനാട്ടിലെയും ദക്ഷിണ കർണ്ണാടകത്തിലെയും 125-ഓളം ക്ഷേത്രങ്ങളുടെ ആത്മീയാചാര്യനായ രവീശ തന്ത്രി ലോക്‌സഭയിലേക്കു മത്സരിക്കുന്നത് ആദ്യമെങ്കിലും 2016-ൽ കാസർകോട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ഒരുകൈ നോക്കിയിട്ടുണ്ട്. ശബരിമല വിഷയം വോട്ടാക്കാനുള്ള തന്ത്രവുമായാണ് തന്ത്രിയുടെ പ്രചാരണം.

ബി ജെ പി, കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയവും പുതിയ വികസന കാഴ്ചപ്പാടുമാണ് ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യമെങ്കിൽ, സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും നരേന്ദ്ര മോദിയെ താഴെയിറക്കുന്നതിനും ഒരു വോട്ട് എന്നാണ് യു.ഡി.എഫ് മുദ്രാവാക്യം. മോദി പ്രഭാവവും ഇടതു സർക്കാരിന്റെ വിശ്വാസ വഞ്ചനയും വോട്ടാക്കി മാറ്റണമെന്നാണ് വോട്ടർമാരോട് എൻ.ഡി.എ അഭ്യർത്ഥിക്കുന്നത്.

മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്ല്യാശേരി നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കാസർകോട് ലോക്‌സഭാ മണ്ഡലം.

2014 വോട്ട്നില

പി. കരുണാകരൻ (സി.പി.എം): 3,84,964

ടി. സിദ്ദിഖ് (കോൺ.): 3,78,043

കെ. സുരേന്ദ്രൻ (ബി.ജെ.പി): 1,72,826

പി. കരുണാകരന്റെ ഭൂരിപക്ഷം: 6,921