തലശേരി: പാലയാട് ഗവ. ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം 'പൂവിതൾ-2019' എഴുത്തുകാരൻ വി.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ.പി രാജീവൻ, ഷലീന, പി.ടി.എ പ്രസിഡന്റ് പി.എം. പ്രഭാകരൻ എന്നിവർ സംസാരിച്ചു. സ്‌കൂളിന് വേണ്ടി കൂട്ടായ്മ 50 കസേരകൾ ഹെഡ്മിസ്ട്രസ് ഗീതയ്ക്ക് കൈമാറി. മുൻ അദ്ധ്യാപകർ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. വിരമിച്ച മുൻ അദ്ധ്യാപകരെ ആദരിച്ചു. അ‌ഡ്വ. വിജിത് വിജു അദ്ധ്യക്ഷത വഹിച്ചു. ഇ. ദിദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി. പ്രമോദ് സ്വാഗതവും വി.എം സജീവൻ നന്ദിയും പറഞ്ഞു.


ജലസംരക്ഷണറാലി

മാഹി: നെഹ്രു യുവകേന്ദ്രയുടെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ ജലസംരക്ഷണ ബോധവത്ക്കരണ റാലിയും സെമിനാറും ഇന്ന് മാഹിയിൽനടക്കും. റാലി രാവിലെ 9.30ന് മാഹി പാലത്തിന്‌ സമീപത്ത് നിന്നാരംഭിച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിക്കും. മാഹി സിവിൽസ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ജലസാക്ഷരതാ സെമിനാർ 10.30ന് റീജിയണൽഅഡ്മിനിസ്‌ട്രേറ്റർ അമൻശർമ്മ ഉദ്ഘാടനം ചെയ്യും. നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത്‌കോർഡിനേറ്റർ കെ. കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിക്കും.


നഗരത്തിൽ മാലിന്യ കൂമ്പാരം
തലശ്ശേരി: വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സർക്കാർ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന നഗരത്തിലെ കായത്ത് റോഡിൽ പൂട്ടിക്കിടക്കുന്ന കടയുടെ മുന്നിൽ മദ്യക്കുപ്പികളടക്കം മാലിന്യങ്ങൾ തള്ളുന്നു. ഹയർ സെക്കൻഡറി സ്‌കൂളുകളായ ടൗൺ ഗേൾസ്, ബ്രണ്ണൻ, ബി.എം.ബി, ടൗൺ മാപ്പിള എന്നി സ്കൂളുകൾക്ക് സമീപമാണ് മാലിന്യ കേന്ദ്രമായത്.

നഗരത്തിലെ ഹോട്ടലുകളിൽ നിന്നും ലോഡ്ജുകളിൽ നിന്നുമാണ് ഇവിടെ മാലിന്യം തള്ളുന്നത്. പഴയ ബസ് സ്റ്റാന്റിലെ പ്രവർത്തനരഹിതമായ ഭാരത് പെട്രൊളിയത്തിന്റെ പമ്പും ഇപ്പോൾ മാലിന്യ കേന്ദ്രമാണ്. ദുർഗന്ധം കാരണം ഇതുവഴി കാൽനടയാത്ര പോലും പ്രയാസമായിട്ടുണ്ട്. പകർച്ചവ്യാധി പടരാനുള്ള സാദ്ധ്യതയായിട്ടും നഗരസഭാ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

സി.ബി.എസ്.ഇ ഒഴിവാക്കിയ പാഠഭാഗം

തെരുവിൽ പഠിപ്പിച്ച് പ്രതിഷേധം
കരിവെള്ളൂർ: സി.ബി.എസ്.ഇ പാഠ പുസ്തകത്തിൽ നിന്നും ചാന്നാർ ലഹളയെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം കരിവെള്ളൂർ സൗത്ത് യൂണിറ്റ് ഓണക്കുന്നിൽ തെരുവോര ചരിത്ര ക്ലാസ് നടത്തി. ചരിത്രാദ്ധ്യാപകൻ എൻ.വി നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം. രാജേഷ് സംസാരിച്ചു.

പത്രിക സമർപ്പണം നാളെ മുതൽ
ബാങ്ക് അക്കൗണ്ടും ആരംഭിക്കണം
കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക നാളെ മുതൽ സ്വീകരിക്കും. ഏപ്രിൽ നാലാണ് അവസാന തീയതി. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ട് വരെ പത്രിക പിൻവലിക്കാം. സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് നടത്തുന്നതിന് മാത്രമായി പത്രികാ സമർപ്പണത്തിന് മുമ്പ് പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി അറിയിച്ചു.

ദേശസാത്കൃത ബാങ്കിലോ സഹകരണ ബാങ്കിലോ പോസ്റ്റോഫീസിലോ സ്ഥാനാർത്ഥിയുടെ സ്വന്തം പേരിലോ സ്ഥാനാർത്ഥിയുടേയും ഇലക്ഷൻ ഏജന്റിന്റേയും ജോയന്റ് അക്കൗണ്ടായോ അക്കൗണ്ട് തുടങ്ങാം. പത്രിക സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും അക്കൗണ്ട് ആരംഭിച്ചിരിക്കണം.