തലശ്ശേരി: പ്രൈമറി അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റം കണ്ണൂരിൽ മാത്രം നടപ്പാക്കാനായില്ല. മുൻ വർഷം ഒഴിവിനേക്കാൾ കൂടുതൽ സ്ഥലം മാറ്റം നൽകി എന്ന വാദം നിരത്തിയാണ് നീതി നിഷേധം. ആകെ ഒഴിവിന്റെ 65% പി.എസ്.സി ക്കും 35% അന്തർജില്ലാ സ്ഥലം മാറ്റത്തിനും വേണ്ടി നീക്കിവയ്ക്കണമെന്നാണ് കെ.ഇ.ആർ. പ്രകാരമുള്ള വ്യവസ്ഥ. ഇതു പ്രകാരം ഈ വർഷം അന്തർജില്ലാ സ്ഥലം മാറ്റത്തിന് 54 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. 37 പേരാണ് അപേക്ഷ നൽകിയത്. എന്നാലിതാണ് ഫയലിൽ ഉറങ്ങുന്നത്.

പി. എസ്.സി ലിസ്റ്റുകാർക്ക് വേണ്ടിയാണ് ഈ നടപടിയെന്ന് അദ്ധ്യാപകർ ആരോപിക്കുന്നു. 2017-18 ന് മുമ്പുള്ള വർഷങ്ങളിൽ അർഹതപ്പെട്ട സ്ഥലംമാറ്റം നൽകാത്തതിനാൽ അപേക്ഷകർ കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങി സ്ഥലംമാറ്റം നേടിയെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വർഷം അധിക സ്ഥലം മാറ്റം നൽകിയെന്ന വാദം ഉന്നയിക്കുന്നത്. പി.എസ്.സി. റാങ്ക് ഹോൾഡേഴ്‌സിന്റെ ഈ വ്യാഖ്യാനത്തിന് അധികൃതരും കുടപിടിക്കുന്നതായി അദ്ധ്യാപകർ ആരോപിക്കുന്നു.

മറ്റ് ജില്ലകളിലെല്ലാം 35% ഒഴിവുകളിലേക്ക് താത്കാലിക സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂരിൽ മാത്രം 10% മാത്രമേ നൽകാനാകൂ എന്നാണ് അധികൃത ഭാഷ്യം. ഇതിനെതിരെ കോടതി നടപടികൾക്ക് ഒരുങ്ങുകയാണ് അന്തർജില്ലാ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയവർ.

ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ചും ധർണ്ണയും

ഇരിട്ടി: മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പതിച്ചതിന് യു.എ.പി.എ ചുമത്തി ജയിലിലായ ലുക്ക്മാൻ പള്ളിക്കണ്ടി സംഭവത്തിൽ പ്രതഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിട്ടി ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാർച്ച് ഇരിട്ടി ഗസ്റ്റ്ഹൗസിനടുത്ത് സി.ഐ കെ.പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടർന്ന് ധർണ്ണ അഡ്വ. പി.ജെ മാനുവൽ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള കോളോത്ത് അദ്ധ്യക്ഷത വഹിച്ചു. പി.ജെ ജയൻ, അരുവിക്കൽ കൃഷ്ണൻ, മുണ്ടൂർ രാമണ്ണി, അജയൻ മണ്ണൂർ, കെ.പി ജയൻ എന്നിവർ പ്രസംഗിച്ചു.