നീലേശ്വരം: ബളാൽ പഞ്ചായത്തിലെ 16ാം വാർഡിൽപ്പെട്ട തൂവക്കുന്ന് കോളനി നിവാസികൾ വെള്ളത്തിന് വേണ്ടി അലയുന്ന കാഴ്ച ജനപ്രതിനിധികളും മറ്റ് അധികൃതരും കാണാതെ പോകുന്നു.

പൊതുകിണർ വറ്റിവരണ്ടു കിടക്കുകയാണ്. ജലനിധിയുടെ ടാങ്കും വീടുകൾ തോറും പൈപ്പും സ്ഥാപിച്ചിട്ട് വർഷം രണ്ടായിട്ടും ജലനിധി എങ്ങുമെത്താതെ കിടക്കുന്നു. വെള്ളം കിട്ടാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ കിലോമീറ്ററുകൾ നടന്ന് ഒരു സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്നും കഞ്ഞിവെയ്ക്കാനുള്ള ഒരു കുടം വെള്ളം തലച്ചുമടായി കൊണ്ടുവരും. അവിടെയും വെള്ളം വറ്റിത്തുടങ്ങിയതോടെ കുളിക്കാനും മറ്റും കിലോമീറ്ററുകൾ നടന്ന് അരീക്കരയിലുള്ള തോടിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

''ഇപ്പോൾ തോടും വറ്റിത്തുടങ്ങി. ഇനി എന്താവുമെന്ന് ഒരുപിടിയുമില്ല. ജലനിധിയല്ലാതെ മറ്റ് വഴിയില്ല. ഇനിയും വൈകിക്കാതെ പദ്ധതിയൊന്ന് പൂർത്തിയായാൽ മതിയായിരുന്നു - കോളനിയിലെ സൗമ്യ പറയുന്നു.

സഞ്ചരിക്കാൻ റോഡുമില്ല

വരിവരിയായി നിൽക്കുന്ന റബ്ബർ മരങ്ങളുടെ ഉണങ്ങിയ ഇലവീണ് നിറഞ്ഞ തട്ടുകൾ, കാട്ടു വള്ളികളും, മുള്ളുകൾ നിറഞ്ഞ കുറ്റിച്ചെടികളും, തെച്ചിക്കാടുകളും നിറഞ്ഞ വഴികളിലൂടെ കുറഞ്ഞത് അരക്കിലോമീറ്ററെങ്കിലും കുത്തനെയുള്ള കയറ്റം. അടിയൊന്ന് തെറ്റിയാൽ കയറ്റം തുടങ്ങിയ റോഡിൽ ചെന്നെത്തും. ആവേശത്തോടെ മലകയറ്റം തുടങ്ങിയാൽ കുന്നിന്റെ പലയിടങ്ങളിലായി ചിതറിത്തെറിച്ചുപോയ കൂരകളും വീടുകളും കാണാം. അരീക്കര തൂവക്കുന്ന് കോളനിയിലെത്താൻ കഷ്ടപ്പാട് ചില്ലറയല്ല. എട്ടു കുടുംബങ്ങളാണ് ഇവിടെയുള്ളത്. വാർധക്യത്തിന്റെ അവശതയിൽ ജീവിതം ജീവിച്ചു തീർക്കുന്ന കുംഭ മുതൽ കൊച്ചുകുട്ടികൾ വരെയുണ്ട് ഇവിടെ. അസുഖം വന്നാൽ തോളിലേറ്റി വേണം റോഡിലെത്തിക്കാൻ.