മട്ടന്നൂർ: മട്ടന്നൂർ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളെ ബസ് പുറപ്പെടും വരെ പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ കണ്ടക്ടർക്കെതിരെ നടപടി. കണ്ണൂർ-ഇരിട്ടി റൂട്ടിലോടുന്ന ലക്ഷ്യ ബസ് കണ്ടക്ടർ എം.പി. പ്രജിത്തിന്റെ ലൈസൻസ് രണ്ടു മാസത്തേക്ക് തലശ്ശേരി ജോയിന്റ് ആർ.ടി.ഒ. ഇ.എസ്. ഉണ്ണിക്കൃഷ്ണൻ സസ്‌പെൻഡ് ചെയ്തു. ബസ് ജീവനക്കാരിൽ നിന്ന് പിഴയും ഈടാക്കി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പരീക്ഷയെഴുതാൻ പോകുന്ന വിദ്യാർത്ഥികളെ വെയിലിൽ ബസിന് പുറത്തു നിർത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ചൊവ്വാഴ്ച രാവിലെ മുതൽ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തി.
അഞ്ചു ബസുകളിൽ കുട്ടികളെ കയറാൻ അനുവദിക്കാതെ പുറത്ത് നിർത്തിയതിന് ബസ് കണ്ടക്ടർമാരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു. ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. എം.പി. സുഭാഷ് ബാബുവിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. പരിശോധനയിൽ എയർഹോൺ, സീറ്റ് റിസർവേഷൻ, സ്റ്റീരിയോ തുടങ്ങിയവ സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് 10 ബസുകൾക്കെതിരെ നടപടിയെടുത്തു. എമർജൻസി വാതിൽ അടച്ച നിലയിൽ കണ്ടതിനും നടപടിയുണ്ട്. വിദ്യാർത്ഥികളെ പുറത്തു നിർത്തിയത് വിവാദമായതിനെ തുടർന്ന് ലക്ഷ്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആർ.ടി.ഒ. കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കണ്ടക്ടറെ സസ്‌പെന്റ് ചെയ്തത്.