തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രിയദർശിനി മന്ദിരത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു. എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ജി. രതികുമാർ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. ഷംസുദ്ദീൻ ഹാജി, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.കെ. രാജേന്ദ്രൻ, പി.കെ. ഫൈസൽ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ബാവ, അഡ്വ. എം.ടി.പി. കരീം, കരിമ്പിൽ കൃഷ്ണൻ, കെ.പി. പ്രകാശൻ, കെ.വി. ഗംഗാധരൻ, കരീം ചന്തേര, ഇ.വി. ദാമോദരൻ, പി. കുഞ്ഞിക്കണ്ണൻ, സത്താർ വടക്കുമ്പാട്, കെ.വി. മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. 501 അംഗ പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികൾ: ടി.പി. അഹമ്മദ് ഹാജി (ചെയർമാൻ), കെ.വി. മുകുന്ദൻ (ജനറൽ കൺവീനർ), എം. രജീഷ് ബാബു (ട്രഷറർ). ഈ മാസം 31ന് മുമ്പ് മുഴുവൻ ബൂത്ത് കമ്മിറ്റികളിലും കൺവെൻഷൻ വിളിച്ചു ചേർക്കാനും തുടർന്ന് ഗൃഹസമ്പർക്ക പരിപാടി നടത്താനും തീരുമാനിച്ചു.

ഈയ്യക്കാട് മുണ്ട്യ കളിയാട്ടം

തൃക്കരിപ്പൂർ: ഈയ്യക്കാട് മുണ്ട്യ വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം 30, 31 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകീട്ട് 3ന് നടക്കാവ് ക്ഷേത്രപാലക ക്ഷേത്രനടയിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. രാത്രി ഈയ്യക്കാട് മുണ്ട്യ വനിത വേദിയുടെ തിരുവാതിരക്കളി. തുടർന്ന് കാറമേൽ റെഡ്സ്റ്റാർ വനിത വേദിയുടെ വനിതാപൂരക്കളി നടക്കും. 30ന് വൈകീട്ട് വിഷ്ണുമൂർത്തി ,രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തെയ്യങ്ങളുടെ തോറ്റം. പത്ത് മണിക്ക് മെഗാഷോ. 31ന് രാവിലെ തെയ്യക്കോലങ്ങളുടെ അരങ്ങേറ്റം, ഉച്ചയ്ക്ക് അന്നദാനം.
വാർത്താസമ്മേളനത്തിൽ ഇ.വി. ദാമോദരൻ, കണ്ണോത്ത് ഗോപാലൻ, കെ.കെ.ബാലൻ, അനിൽ ഈച്ചക്കാട്, കെ.പി.ഉമേഷ് എന്നിവർ പങ്കെടുത്തു.