തളിപ്പറമ്പ്: പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുരയിൽ നിന്നായിരുന്നു കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.

രാവിലെ 9.30ന് പറശ്ശിനിയിൽ എത്തിയ സ്ഥാനാർത്ഥി ക്ഷേത്രസന്നിധിയിൽ എത്തി പ്രാർത്ഥിച്ച ശേഷം ക്ഷേത്ര ഭാരവാഹികളെയും ആചാര സ്ഥാനികരെയും കണ്ടു.ക്ഷേത്രപരിസരത്തെ കടകളിലും ഓഫീസിലും എല്ലാ ഭക്തജനങ്ങളെയും കണ്ട് വോട്ടഭ്യർത്ഥിച്ചാണ് ഇവിടെ നിന്നും മടങ്ങിയത്.തുടർന്ന് പന്ന്യങ്കണ്ടി അറബി കോളേജ്,പാട്ടയം കുടുംബ സംഗമത്തിലും,മാണിയൂർ പാറാൽ അറബി കോളേജ്,മയ്യിൽ ഐ.ടി.എം. കോളേജ്,മങ്ങാട്ടുപറമ്പ് എൻജിനിയറിങ് കോളേജ്,സർ സയ്യിദ് കോളേജ്,

കേയി സാഹിബ് ബി.എഡ്. കോളേജ്,സർസയ്യിദ് ഇൻസ്റ്റിറ്റിയൂട്ട്,തളിപ്പറമ്പ നാഷണൽ കോളേജ്,ടൗൺ ചർച്ച്,സാൻജോസ് കൺവെന്റ്,ജുമാ മസ്ജിദ് തളിപ്പറമ്പ,അൽമഖർ നാടുകാണി തുടങ്ങിയ സ്ഥാപനങ്ങളും സന്ദർശിച്ചു.

തളിപ്പറമ്പ് അൽ മഖറിൽ എത്തിചേർന്നപ്പോൾ പട്ടുവം കെ.പി.അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഷുഹൈബ് തങ്ങളും അബ്ദുൾ സമദ് അമാനിയും അനസ് അമാനി ഏഴാംമൈലും ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.തുടർന്ന് ഇർഫാനിയ കോളേജ് ചപ്പാരപ്പടവ്,കരുണാപുരം അഗതി മന്ദിരം എന്നിവിടങ്ങളിലും സന്ദർശിച്ച് തളിപ്പറമ്പിൽ യു.ഡി.വൈ.എഫ് നേതൃയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.


അഞ്ചാംക്ലാസ് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോക്‌സോ

തളിപ്പറമ്പ്: സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 11 കാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ച ഡയരക്ട് മാർക്കറ്റിംഗ് ഏജന്റ് പാണപ്പുഴയിലെ ശ്യാം സത്യനെ(23) തളിപ്പറമ്പ് സിഐ എ.അനിൽകുമാർ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരക്ക് ബക്കളം കാനൂലിലായിരുന്നു സംഭവം. പെൺകുട്ടിയോട് വഴിചോദിച്ച് പരിചയപ്പെട്ട ശേഷം പ്രലോഭിപ്പിച്ച് ബലമായി ആൾത്താമസമില്ലാത്ത വീട്ടിന് പിറകിൽ കൊണ്ടുപോയി ചുംബിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ശ്യാമിനെ പിടികൂടി
പൊലീസിലേൽപ്പിക്കുകയായിരുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശ്യാമിനെ കോടതി റിമാന്റ് ചെയ്തു.ഡയകരക്ട് മാർക്കറ്റിംഗ് ഏജൻസിയുടെ കീഴിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് പുസ്തക വിൽപ്പന നടത്തിവരികയായിരുന്നു ശ്യാം.

ശവയാത്ര മാറ്റിവച്ചു
ഇരിട്ടി:മൊറോട്ടോറിയം കാലത്ത് നുച്യാട് സർവീസ് സഹകരണ ബാങ്ക് നടത്തിവന്ന ജപ്തി നടപടികൾ പൂർണ്ണമായും നിർത്തിവയ്ക്കുന്നതായി പ്രസിഡന്റ് ഉറപ്പ് നൽകിയതിനാൽ ബാങ്ക് ഹെഡ് ഓഫീസിലേക്ക് നടത്താനിരുന്ന പ്രതീകാത്മക ശവയാത്ര മാറ്റി വയ്ക്കാൻ ഓൾ ഇന്ത്യ ഫാർമേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.ബാങ്കിനു വേണ്ടി പ്രസിഡന്റ് ഭരണ സമിതിയംഗങ്ങളും ഐ. ഫക്ക് വേണ്ടി അഡ്വ. ബിനോയ് തോമസ്,ജോസഫ് വടക്കേക്കര, ജോർജ് പൂത്തേട്ട്, ടോമി സെബാസ്റ്റ്യൻ, തങ്കച്ചൻ ആലുങ്കൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ശ്രീരാമനവമി രഥയാത്ര കൊട്ടിയൂരിൽ

കൊട്ടിയൂർ: ശ്രീരാമദാസ മിഷന്റെ ആഭിമുഖ്യത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശ്രീരാമനവമി രഥയാത്രയ്ക്ക് കൊട്ടിയൂർ ഗണപതി ക്ഷേത്രത്തിന്റെയും ക്ഷേത്രാചാര അനുഷ്ഠാന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ കൊട്ടിയൂർ ഗണപതി ക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്രാചാര അനുഷ്ഠാന സംരക്ഷണ സമിതി ഓർഗനൈസിംഗ് സെക്രട്ടറി പുരുഷോത്തമൻ പേരാവൂർ ഉദ്ഘാടനം ചെയ്തു.ബ്രഹ്മചാരി അരുൺ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ബാലൻ സ്വാമി, ബാലകൃഷ്ണൻ മഠത്തിൽ, പി.എസ്.മോഹനൻ എന്നിവർ നേതൃത്വം നൽകി. പാലുകാച്ചിമലയിലെ സ്വീകരണത്തിന് ശേഷം രഥയാത്ര വയനാട് ജില്ലയിലേക്ക് കടന്നു.