കാഞ്ഞങ്ങാട്: ഫെയർ സ്റ്റേജിലെ അപാകത മൂലം കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർക്ക് അധികനിരക്ക് നൽകേണ്ടി വരുന്നതായി ആക്ഷേപം. ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് ഉദ്ഘാടനം കഴിഞ്ഞുവെങ്കിലും ഫെയർസ്റ്റേജ് പുനർനിർണ്ണയം നടത്താത്തതാണ് അധിക നിരക്കിന് കാരണമാകുന്നത്.

കെ.എസ്.ആർ.ടി.സിയുടെ ടൗൺ ടു ടൗൺ ബസുകളിൽ ആലാമിപ്പള്ളിയിൽ നിന്നും കാസർകോട്ടേക്ക് പോവുന്ന യാത്രക്കാരൻ 33 രൂപയാണ് ടിക്കറ്റ് നിരക്കായി നൽകേണ്ടത്. ഇതു നീലേശ്വരത്തു നിന്നുള്ള നിരക്കാണ്. അതേ സമയം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ആലാമിപ്പള്ളിയിൽ ഫെയർ സ്റ്റേജ് അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നിരക്കിലും വ്യത്യാസമുണ്ട്. ടൗൺ ടു ടൗൺ ബസ്സുകൾക്ക് കൂടി ഇവിടെ ഫെയർസ്റ്റേജ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ടൗൺ ടു ടൗൺ, ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾക്ക് നീലേശ്വരം കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് കാഞ്ഞങ്ങാട്ടാണ്. എന്നാൽ പുതിയ കോട്ടയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്നവർ വരെ നീലേശ്വരത്തു നിന്നുള്ള ചാർജ്ജ് കൊടുക്കണം. ഫെയർ സ്റ്റേജ് പുനർനിർണ്ണയം കെ.എസ്.ആർ.ടി.സി ആസ്ഥാനത്താണ് ഉണ്ടാകേണ്ടതെന്നും അതിനുള്ള ആലോചനകൾ നടന്നുവരുന്നുണ്ടെന്നും കാസർകോട് ഡിപ്പോ അധികൃതർ പറഞ്ഞു..