തലശ്ശേരി: സ്വത്ത് തർക്കത്തിലെ വൈര്യാഗ്യത്താൽ സഹോദരനെ കശുമാവിൻ തോട്ടത്തിൽ കുത്തിക്കൊന്ന അറുപത്തിനാലുകാരന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. പാനൂർ ചെണ്ടയാട്ടെ പറമ്പത്ത് വീട്ടിൽ കുഞ്ഞിരാമന്റെ മകൻ വാസുവിനെ (52) കൊലപ്പെടുത്തിയ കേസിൽ പുത്തൂർ ചെണ്ടയാട്ടെ ദീപാലയത്തിൽ ആലക്കാടൻ ചാത്തുവിനെയാണ് ( 63) വാണ് തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2010 മാർച്ച് 18 ന് രാവിലെ ആറര മണിയോടെ വാസുവിന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിൽ വെച്ച് കശുവണ്ടി പെറുക്കിയെടുക്കുന്നതിനിടെ പ്രതിയുമായി വാക്ക് തർക്കത്തിനൊടുവിലാണ് കൃത്യം നടന്നത്. വാസുവിന്റെ ഇളയച്ചന്റെ മകൻ കൂടിയായ ചാത്തു കൊടുവാൾകൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നുമാണ് കേസ്. പൊലീസിൽ പ്രഥമ വിവരം നൽകിയ പ്രതിയുടെ ബന്ധുകൂടിയായ രവീന്ദ്രൻ, കൊല്ലപ്പെട്ട വാസുവിന്റെ മകൾ ബിൻസി, അനിത, ഫോറൻസിക് സർജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള ,സി.ഐ.പി.കെ.സന്തോഷ് തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ.കെ.പി. ബിനിഷയാണ് ഹാജരായത്.പ്രതി ഭാഗത്തിനായി അഭിഭാഷകരായ ഭാസ്കരൻനായർ, പി.ഹരീന്ദ്രൻ, പി.പ്രേമരാജൻ എന്നിവരാണ് വാദിച്ചത്.