തൃക്കരിപ്പൂർ: നരേന്ദ്രമോദി ഭരണം രാജ്യത്ത് കറുത്തദിനങ്ങളാണ് സമ്മാനിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തൃക്കരിപ്പൂരിൽ ഇന്നലെ വൈകീട്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി ബി ഐ, ജഡീഷ്യറി, പ്ലാനിംഗ് കമ്മീഷൻ പോലുള്ള ഭരണഘടന സ്ഥാപനങ്ങൾ തകർത്ത് ഒരു തികഞ്ഞ ഏകാധിപതിയുടെ ഭാവമാണ് മോദിക്കെന്നും ഇത് രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വഭാവത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ജനസേവനത്തിനുള്ളതാണെന്നും കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കുമുള്ളതല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.അക്രമ രാഷ്ട്രീയം നമുക്ക് വേണ്ട. നമ്മുടെ പ്രതികാരം ബാലറ്റിലൂടെയാകണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സി.സി.സി പ്രസിഡന്റ് ഹക്കീം കുന്നേൽ, അഡ്വ. കെ.കെ രാജേന്ദ്രൻ, എം.സി ഖമറുദ്ദീൻ, വി.കെ ബാവ, കെ.എം ശംസുദ്ദീൻ ഹാജി, കെ.വി ഗംഗാധരൻ, സി.എ കരീം, കരിമ്പിൽ കൃഷ്ണൻ പ്രസംഗിച്ചു. ചടങ്ങിൽ യു.ഡി.എഫ് തൃക്കരിപ്പൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും ഉമ്മൻചാണ്ടി നിർവഹിച്ചു.
നീലേശ്വരം പള്ളിക്കര എൻ.എസ്.എസ് കരയോഗത്തിന്റെ ശ്മശാനം വീണ്ടും തകർത്തതിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ താലൂക്ക് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.