ഇരിട്ടി (കണ്ണൂർ): പരീക്ഷ കഴിഞ്ഞ ആഘോഷത്തിനിടെ എസ്.എസ്.എൽ.സി വിദ്യാർത്ഥി ആറളം പുഴയിൽ മുങ്ങിമരിച്ചു. ആറളം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് സജ്ജാദ് (15) ആണ് മരിച്ചത്.
ഇന്നലെ പരീക്ഷ കഴിഞ്ഞ് കൂട്ടുകാരോടൊത്ത് വൈകുന്നേരം ആഘോഷം പങ്കിട്ട ശേഷം വസ്ത്രത്തിൽ പരസ്പരം പൂശിയ ചായവും മറ്റും കഴുകുന്നതിന് സമീപത്തെ ആറളംപുഴയിൽ ഇറങ്ങിയതായിരുന്നു. കയത്തിൽ മുങ്ങി സജ്ജാദിനെ കാണാതായതിനെ തുടർന്ന് കൂട്ടുകാർ ബഹളംവച്ചതിനെ തുടർന്നെത്തിയ നാട്ടുകാർ സജ്ജാദിനെ പുറത്തെടുത്ത് ഇരിട്ടി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
വിളക്കോട് ചങ്ങാടിവയലിലെ പാനേരി ഹൗസിൽ നിസാർ - സമീറ ദമ്പതികളുടെ മകനാണ് സജ്ജാദ്. ഏക സഹോദരി ഷഫീല. മൂന്ന് വർഷമായി ആറളത്ത് വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
രണ്ടുവർഷം മുമ്പ് സമാന സംഭവത്തിൽ ഇരിട്ടി തന്തോട് കടത്തുംകടവ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥി സൗരവ് പഴശ്ശി ജലാശയത്തിന്റെ ഭാഗമായ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചിരുന്നു.