കാസർകോട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകം നടത്തിയ പ്രതികൾ ഉപയോഗിച്ചതെന്ന് പറഞ്ഞു ലോക്കൽ പൊലീസ് ബന്തവസിലെടുത്തു കോടതിക്ക് കൈമാറിയ മാരകായുധങ്ങൾ പൊലീസ് സർജനെ വിളിച്ചു വരുത്തി പരിശോധിച്ച് ആയുധവും മുറിവും പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റി. കൃത്യമായ പരിശോധനക്ക് കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയെടുക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കോടതിയിലെത്തി 20 മിനുട്ട് നേരത്തെ നടപടിക്രമങ്ങൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ. എൻ. ഗോപാലകൃഷ്ണ പിള്ള അതൃപ്തിയോടെ മടങ്ങുകയായിരുന്നു. കൊലപാതകം നടത്തിയ പ്രതികൾ ഉപയോഗിച്ചതെന്നുപറയുന്ന മാരകായുധങ്ങളുടെ മൂർച്ച പരിശോധിക്കാൻ എത്തിയ പൊലീസ് സർജന് കോടതിമുറിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന മാരകായുധങ്ങൾ നോക്കിക്കണ്ട് പോകാൻ മാത്രമാണ് സാധിച്ചത്. ഹൊസ്ദുർഗ് ജെ.എഫ്.സി.എം സെക്കൻഡ് കോടതിയിൽ ആണ് ആയുധങ്ങൾ പരിശോധിക്കാൻ ഡോ. ഗോപാലകൃഷ്ണ പിള്ള എത്തിയിരുന്നത്.
ആയുധങ്ങൾ നോക്കിക്കണ്ട് പോകാനാണെങ്കിൽ അന്വേഷണ സംഘം ഇതിന് അനുമതി വാങ്ങിയത് എന്തിനാണെന്നാണ് പ്രമുഖ അഭിഭാഷകരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചോദിക്കുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ എന്ന നിലയിൽ ആയുധങ്ങളുടെ മൂർച്ചയും ശരീരത്തിലെ മുറിവുകളുടെ ആഴവുമാണ് പൊലീസ് സർജന് പരിശോധിക്കേണ്ടിവരിക. ഇത് രണ്ടും പൊരുത്തപ്പെട്ടില്ലെങ്കിൽ കുറ്റപത്രം ദുർബലമാവുകയും കൊലക്കേസ് പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യവും ഉണ്ടാകും. എന്നാൽ ആയുധങ്ങളുടെ മൂർച്ച പരിശോധിക്കാനാകാതെ പൊലീസ് സർജൻ മടങ്ങുക വഴി അന്വേഷണ സംഘം ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന സംശയമാണ് ഉയരുന്നത്.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ആയുധങ്ങൾ പുറത്തെടുത്തു തൊട്ടുനോക്കാനോ മൂർച്ച നോക്കാനോ കഴിഞ്ഞില്ല. ആയുധങ്ങളാണെന്ന് ഉറപ്പ് വരുത്തി മടങ്ങുകയായിരുന്നു അദ്ദേഹം. മൂന്ന് വടിവാളുകൾ, രണ്ടു ഇരുമ്പ് പൈപ്പുകൾ, ഒരു ഇരുമ്പ് ദണ്ഡ് എന്നിവയാണ് അദ്ദേഹത്തെ കാണിച്ചത്. ഇതിൽ ഒരു വടിവാളിന് പിടി ഉണ്ടായിരുന്നില്ല. കോടതി സൂപ്രണ്ട് കെ. അനിതകുമാരി ആയുധങ്ങൾ മേശപ്പുറത്ത് നിരത്തിവെച്ചു. തൊട്ടുനോക്കാതെ എങ്ങിനെയാണ് മൂർച്ച നോക്കുന്നതെന്ന് പൊലീസ് സർജൻ ചോദിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് കോടതി ഉത്തരവിൽ അത് പറയുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത്. തുടർന്ന് സൂപ്രണ്ട് കോടതി ഉത്തരവ് വായിച്ചു കേൾപ്പിച്ചു. തുടർന്ന് നിരാശ പ്രകടിപ്പിച്ച അദ്ദേഹം കവറിന് പുറത്ത് എഴുതിയത് കുറിച്ചെടുത്തു പോവുകയായിരുന്നു. എ.പി.പി എം.വി ശൈലജ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എം പ്രദീപ് എന്നിവരും സന്നിഹിതരായിരുന്നു.