കാസർകോട്: മൂന്ന് മാസമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഭെൽ ഇ.എം.എൽ എം.ഡിയെ തൊഴിലാളികൾ തടഞ്ഞുവെച്ചു. എസ്.ടി.യുവിന്റെ നേതൃത്വത്തിലാണ് കമ്പനി ഓഫിസിന് മുന്നിൽ കാറിൽ നിന്നിറങ്ങാൻ അനുവദിക്കാതെ ആറ് മണിക്കൂറിലേറെ തടഞ്ഞത്. കമ്പനിയിൽ നടത്തിയ വഞ്ചനാദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ഉപരോധം. രാവിലെ ഒമ്പത് മണിയോടെയാണ് എംഡി സോമൻ ബസു കാറിലെത്തിയത്. ഇറങ്ങാൻ ഒരുങ്ങിയപ്പോഴേക്കും നാലു ഭാഗത്തു നിന്നുമായി തൊഴിലാളികൾ വളഞ്ഞു.
വേനൽ ചൂടിൽ ആറര മണിക്കൂറോളം കാറിലിരുന്ന എം.ഡിയ്ക്ക് വെള്ളവും ചായയും സമരക്കാർ നൽകിയിരുന്നു. ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു ഉറപ്പും നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു എം.ഡി. സമരത്തിനു നേതൃത്വം നൽകിയ എസ്.ടി.യു സംസ്ഥാന ട്രഷററും ഭെൽ ഇ.എം.എൽ ഇൻഡിപെൻഡന്റ് എംപ്ലോയീസ് യൂണിയൻ (എസ്.ടി.യു) ജനറൽ സെക്രട്ടറിയുമായ കെ.പി. മുഹമ്മദ് അഷ്‌റഫ്, എപ്ലോയീസ് യൂണിയൻ ജോ. സെക്രട്ടറി ടി.പി. മുഹമ്മദ് അനീസ് എന്നിവരെ മൂന്നരയോടെ കാസർകോട് ടൗൺ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. അതോടെയാണ് തൊഴിലാളികൾ ഉപരോധത്തിൽ നിന്നു പിന്മാറിയത്.
നരേന്ദ്ര മോദിയുടെ ചിത്രമുള്ള
ബോർഡുകൾ നശിപ്പിച്ചു
കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള റോഡരികിൽ സ്ഥാപിച്ച ബോർഡ് നശിപ്പിച്ചു. പൊയിനാച്ചി മാണിമൂല റോഡരികിൽ ബേഡകം പൊലീസ് സ്റ്റേഷനടുത്ത് മുന്നാട് പേര്യവളവിൽ സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതിയിൽ മുന്നാട് വില്ലേജിൽ നടപ്പാക്കിയ വൈദ്യുത ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ, ലൈൻ പുനഃസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളെപ്പറ്റിയാണ് ബോർഡിലുണ്ടായിരുന്നത്. സംഭവത്തിൽ ബി.ജെ.പി. ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
ഉച്ചക്കഞ്ഞി വിതരണത്തിൽ അപാകത
വിജിലൻസ് പരിശോധന നടത്തി
കാസർകോട്: ഉച്ചക്കഞ്ഞി വിതരണ കണക്കിൽ അപാകതയുണ്ടെന്ന പരാതിയിൽ വിജിലൻസ് സംഘം പെരിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പരിശോധന നടത്തി. വിജിലൻസ് ഡിവൈ.എസ്.പി. കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി സ്‌കൂളിലെത്തിയത്. ഉച്ചക്കഞ്ഞി വിതരണത്തിന്റെ രേഖകളും ഹാജരും സ്റ്റോക്ക് രജിസ്റ്ററും വിജിലൻസ് പരിശോധിച്ചു. 15 മുതൽ യു.പി സ്‌കൂളിലെ കുട്ടികൾക്കും ഉച്ചക്കഞ്ഞി നൽകുന്നതായി പ്രധാനാദ്ധ്യാപിക ജയഗേറ്റ് റൂഡ് ജോർജ് പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയായതിനാൽ ഇവരെ നേരത്തെ ഉച്ചക്കഞ്ഞി കൊടുത്തു പറഞ്ഞുവിടുകയായിരുന്നു. സ്‌കൂളിലെ സ്റ്റോക്കിൽ അളവിൽ കൂടുതൽ സാധനങ്ങൾ കണ്ടെത്താനായില്ല.
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച
ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്തു
കാസർകോട്: കിണർ വൃത്തിയാക്കാൻ പോയ വീട്ടിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. ഉപ്പള കൈക്കമ്പക്ക് സമീപത്തെ വാടകവീട്ടിൽ താമസക്കാരനും കർണാടക പുത്തൂർ സ്വദേശിയുമായ മുക്താറിനെ(44)യാണ് കുമ്പള എസ്.ഐ സി.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഭാര്യയും ഏഴു മക്കളുമുള്ള മുക്താർ സ്‌റ്റേഷൻ പരിധിയിൽപെട്ട ഒരു വീട്ടിലെ കിണർ വൃത്തിയാക്കാനെത്തിയതായിരുന്നു. ഇതിനിടയിൽ വീടിന് സമീപത്ത് കളിക്കുകയായിരുന്ന 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ മുക്താർ ഓട്ടോയുമെടുത്ത് സ്ഥലം വിട്ടു. രാത്രിയോടെ പ്രതിയുടെ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
കത്തികൊണ്ടിരുന്ന മാലിന്യക്കുഴിയിൽ വീണ്
വിദ്യാർത്ഥിക്ക് പൊള്ളലേറ്റു
കാസർകോട്: കത്തുന്ന മാലിന്യക്കുഴിയിൽ വീണ് കൈകാലുകൾക്ക് പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ. ഉളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വേണുവിന്റെ മകൻ വി. വിഷ്ണു (7)വിനാണ് പൊള്ളലേറ്റത്. ഷിരിബാഗിലു ജി.ബി.ഡബ്ല്യു.എൽ.പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിയാണ് വിഷ്ണു. സ്‌കൂളിന് സമീപത്തെ മാലിന്യ കുഴിയിൽ തീയിട്ട ശേഷം കെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധക്കാതെയാണ് വീണത്. സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണ് മകന് പൊള്ളലേൽക്കാൻ കാരണമെന്ന് പിതാവ് വേണു ആരോപിച്ചു.
പെരിയ ഇരട്ടക്കൊല
പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെരിയ തണ്ണോട്ട് സ്വദേശി സി. രഞ്ജിത് എന്ന അപ്പുവിനെ(26)യാണ് ഹൊസ്ദുർഗ് ജെ.എഫ്.സി.എം സെക്കൻഡ് കോടതി വീണ്ടും റിമാൻഡ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്നലെ വൈകീട്ടാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയത്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുടർന്ന് ബൈക്കിൽ വരുന്ന വിവരം ഫോണിൽ കൊലയാളി സംഘത്തിന് കൈമാറിയ കുറ്റത്തിനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ടെത്തി രഞ്ജിത്ത് കീഴടങ്ങുകയായിരുന്നു.