കണ്ണൂർ: താപനില 40 ഡിഗ്രിയോട് അടുക്കുന്നു. കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആവേശത്തിന് എന്നിട്ടും അല്‌പവും ക്ഷീണമില്ല. തിളച്ചുമറിയുന്ന കണ്ണൂരിൽ സീറ്റ് നിലനിർത്താൻ ഇടതുമുന്നണിയും തിരിച്ചുപിടിക്കാൻ യു.ഡി.എഫും പയറ്റുന്ന പോരിന് വാശിയേറെ.
ചെങ്കോട്ടയെന്ന് വിളിപ്പേരുള്ള കണ്ണൂർ ജില്ലയിൽ ലോക്‌സഭയും നിയമസഭയും ഇടതുപക്ഷത്തെ എക്കാലവും ഒരു പോലെ തുണച്ചിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ഇടതുമുന്നണി ഈ ദുഷ്പ്പേര് മാറ്റിയെടുത്തു. ലോക്‌സഭയിലും നിയമസഭയിലും വെന്നിക്കൊടി പാറിച്ചതിനു പുറമെ ആദ്യ നഗരസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി വിജയം സ്വന്തമാക്കി.
സി.പി.എം സിറ്റിംഗ് എം.പി പി.കെ.ശ്രീമതി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ..സുധാകരൻ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ എന്നിവരാണ് കളത്തിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൈവിട്ടുപോയ മണ്ഡലം തിരിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സുധാകരൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉദുമ നിയമസഭാ മണ്ഡലത്തിലുമുണ്ടായ പരാജയം ഇക്കുറി തിരുത്തിയെടുക്കാമെന്നു തന്നെ സുധാകരൻ വിശ്വസിക്കുന്നു. കഴിഞ്ഞ തവണ രണ്ട് അപര സുധാകരന്മാർ ചേർന്ന് കൊണ്ടുപോയത് 6985 വോട്ടാണ്. പി.കെ. ശ്രീമതിയുടെ ജയം 6566 വോട്ടിന്.
സി.പി.എമ്മിലായിരിക്കെ എ.ബി. അബ്‌ദുള്ളക്കുട്ടി രണ്ടു വട്ടം ജയിച്ച മണ്ഡലത്തിൽ, 2009- ൽ എം.എൽ .എ ആയായിരുന്ന കെ. സുധാകരനെ ഇറക്കിയാണ് യു.ഡി..എഫ് കണ്ണൂർ തിരിച്ചുപിടിച്ചത്. പക്ഷേ, പി.കെ. ശ്രീമതിയുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയപ്പോൾ കഥ മാറി. ആ വിജയം ആവർത്തിക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഇരിക്കൂർ, പേരാവൂർ, അഴീക്കോട് എന്നിവ മാത്രമാണ് യു.ഡി.എഫിനൊപ്പം. ഇതിൽ ഇരിക്കൂർ ഒഴികെ രണ്ടിടത്തും യു.ഡി.എഫ് കഷ്‌ടിച്ച് കടന്നുകൂടിയതാണ്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം, മന്ത്രി ഇ.പി. ജയരാജന്റെ മട്ടന്നൂർ, ജയിംസ് മാത്യു വിജയിച്ച തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിൽ ഇടതു മുന്നണിയുടെ ഭൂരിപക്ഷം കാൽലക്ഷം കടക്കും. ഈ മൂന്നിടത്തെ ഭൂരിപക്ഷം വച്ചു നോക്കിയാൽ മണ്ഡലം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടതു കണക്ക്. എന്ത് അത്ഭുതം സംഭവിച്ചാലും ഭൂരിപക്ഷം 40,000-ത്തിൽ കുറയില്ല.
കണ്ണൂർ വിമാനത്താവളം, തലശേരി - മാഹി ബൈപ്പാസ്, റോഡ് വികസനം എന്നിവ ഉയർത്തിക്കാട്ടിയാണ് ഇടതുമുന്നണി വോട്ടർമാരിലേക്കിറങ്ങുന്നത്. മാറ്റു കൂട്ടുന്ന വികസനങ്ങൾ മാറ്റമില്ലാതെ തുടരട്ടെ എന്നാണ് മുദ്രാവാക്യം. എന്നാൽ, സംസ്ഥാന സർക്കാരിനെതിരായ വികാരവും ശബരിമല വിഷയവുമെല്ലാം അനുകൂലമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
ബി.ജെ..പി സ്ഥാനാർഥി സി.കെ.. പത്മനാഭനും സജീവം. കരുത്തു കാട്ടാൻ തന്നെയാണ് മത്സരിക്കുന്നതെന്നാണ് ണ് ബി.ജെ..പിയുടെ വാദം. എസ്.ഡി.പി.ഐ സ്ഥാനാർഥി കെ. അബ്ദുൾ ജബ്ബാറും എസ്.യു.സി.ഐ സ്ഥാനാർഥിയായി അഡ്വ. അപർണയും രംഗത്തുണ്ട്.
2014 വോട്ടിംഗ് നില
പി.കെ. ശ്രീമതി ( എൽ.ഡി. എഫ്): 4,27,622
കെ. സുധാകരൻ( യു.ഡി. എഫ്): 4,21,056
പി.സി. മോഹനൻ (ബി.ജെ.പി): 51,636
പി.കെ. ശ്രീമതിയുടെ ഭൂരിപക്ഷം: 6566