കാസർകോട്: സ്‌കൂൾ വിദ്യാർത്ഥികളുമായി പോകുന്ന ഓട്ടോറിക്ഷയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ബൊലേറോ കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് വിദ്യാർത്ഥിനികളുടെയും ഓട്ടോറിക്ഷ ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണ്. ചളിയങ്കോട് കോട്ടരുവം കെ.എസ്.ടി.പി റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ഓടെയാണ് അപകടം. മൊഗ്രാൽ പുത്തൂർ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ചളിയങ്കോട്ടെ കബീറിന്റെ മകൾ നഫീസ റാസില, സഹോദരി ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്വിമ (11), ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുർ റഹീം (44) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥിനി നാഫിലയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഗ്രാൽ പുത്തൂരിലെ സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികളെയും കയറ്റി വരികയായിരുന്ന ഓട്ടോറിക്ഷയും മേൽപറമ്പ് ഭാഗത്തു നിന്നും കാസർകോട്ടേക്ക് വരികയായിരുന്ന ഉദുമ ഗ്രാമപഞ്ചായത്തിന്റെ ബൊലോറോ കാറുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു.
അർബുദ പ്രതിരോധം സാദ്ധ്യമാണ്:
ഡോ. ഡി.ജി രമേഷ്
നീലേശ്വരം: ജീവിതശൈലിയിലെ ക്രമീകരണങ്ങളിലൂടെ അർബുദത്തെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ചെറുവത്തൂർ പി.എച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഡി.ജി രമേഷ് പറഞ്ഞു. കണ്ണൂർ സർവകലാശാല മോളിക്യൂലർ ബയോളജി വിഭാഗം പഠന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള ഏകദിന കാൻസർ ബോധവത്ക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാമ്പസ് ഡയറക്ടർ ഡോ എ.എം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സൂരജ്, എം. ബഷീർ, പി. സനൂപ് എന്നിവർ സംസാരിച്ചു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർക്ക് കൂൺ കൃഷിയിൽ പരിശീലനവും സ്‌കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രാവബോധ ക്ലാസുകളും സംഘടിപ്പിക്കും.