കാസർകോട്: കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മുക്കാൽ ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ ആർ.പി.എഫും എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ഉച്ചക്ക് 2.20ന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം എക്സ്‌പ്രസ് ട്രെയിനിൽ ജനറൽ കോച്ചിൽ സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. പാലക്കാട് റെയിൽവേ ഡിവിഷൻ കമ്മീഷ്ണർ മനോജ് കുമാറിന്റെ നിർദേശം അനുസരിച്ചു ആർ.പി.എഫ് ഇൻസ്‌പെക്ടർ കെ. മധുസൂദനൻ എക്‌സൈസ് ഇൻസ്‌പെക്ടർ ടി. രമേശ് എന്നിവർ ചേർന്നാണ് തീവണ്ടിയിൽ പ്രത്യേക പരിശോധന നടത്തിയത്. വി.വി. സഞ്ജയ് കുമാർ കെ.എ മണി, പി. സരേഷ്, കെ.കെ. ആനന്ദ കുമാർ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എ.ബി അബ്ദുള്ള, രാജീവൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
കൂലേരി കോയക്കിടാവ്തങ്ങൾ
മഖാം ഉറൂസ് നാളെ
തൃക്കരിപ്പൂർ: കൂലേരിബുഖാരി പള്ളിയിലെ കോയക്കിടാവ് തങ്ങൾ മഖാം ഉറൂസ് നാളെ നടക്കും. ഉറൂസ് കമ്മിറ്റി ചെയർമാൻ വി.പി അബ്ദുൾ മജീദിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മത പണ്ഡിതൻ സുബൈർ ദാരിമി അൽ ഖാസിമി പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന പ്രാർത്ഥനാ സദസിന് പാണക്കാട് സയ്യിദ് ഫൈനാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.മഖാം സിയാറത്തിന് ബുഖാരി മസ്ജിദ് ഇമാം റിൻഷാദ് അൻവരി നേതൃത്വം നൽകും.
രോഗികൾക്ക് ഉപകരണങ്ങൾ
വിതരണം ചെയ്യും
തൃക്കരിപ്പൂർ: കിടപ്പ് രോഗികൾക്ക് ആശ്വാസമായി സി.എച്ച് സെന്റർ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. വാട്ടർ ബെഡ്, വാക്കർ, എയർ ബെഡ്, ശ്വാസതടസ്സം നേരിടുന്നതിനുള്ള ഉപകരണം, സ്പ്രിംഗ് കട്ടിൽ തുടങ്ങിയവയാണ് വിതരണം ചെയ്യുക. ഉപയോഗത്തിന് ശേഷം തിരിച്ചു നൽകുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായുള്ള കൗണ്ടർ ഉടൻ ആരംഭിക്കും. ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.എം കുഞ്ഞി സ്വാഗതം പറഞ്ഞു ജനറൽ കൺവീനർ എ.ജി.സി ബഷീർ പദ്ധതി അവതരിപ്പിച്ചു . സി.എച്ച് സെന്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം മേയ് ഒന്നിന് നടത്തുന്നതിനായി തീരുമാനിച്ചു. എസ്. കുഞ്ഞഹമ്മദ്, ഒ.ടി അഹമ്മദ് ഹാജി, വി.ടി ഷാഹുൽ ഹമീദ്, ടി.പി അഹമ്മദ് ഹാജി, എം. യൂസഫ് ഹാജി, സുബൈർ പള്ളത്തിൽ പ്രസംഗിച്ചു.
ബി.ജെ.പി മനുഷ്യനെ വഞ്ചിച്ച പാർട്ടി:
പന്ന്യൻ
കാഞ്ഞങ്ങാട്: ബി.ജെ.പിയെപോലെ മനുഷ്യനെ വഞ്ചിച്ച പാർട്ടി ലോകത്തിലില്ലെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ മടിക്കൈ ലോക്കൽ ബങ്കളത്ത് നടത്തിയ കീലത്ത് കേളു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചായക്കടക്കാരന്റെ മകനായി സാധാരണക്കാരനായി അധികാരത്തിൽ വന്ന നരേന്ദ്ര മോദിക്ക് ഓന്തിന്റെ നിറമാണ്. വിടുവായിത്തം പറഞ്ഞ് അധികാരത്തിൽ വന്ന മോദി വിയർപ്പൊഴുക്കി അധ്വാനിച്ചത് അദാനിക്കും അമ്പാനിക്കും വേണ്ടിയാണ്. അവർ ഇന്ത്യയുടെ മതനിരപേക്ഷതയെ ഇല്ലാതാക്കുകയാണെന്നും പന്ന്യൻ പറഞ്ഞു. സി.പി.ഐ കാസർകോട് ജില്ല അസി.സെക്രട്ടറി വി.രാജൻ കേളു അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം പി. കുഞ്ഞികൃഷ്ണൻ, മുൻ എം.എൽ.എ എം. നാരായണൻ, കെ. ശാർങാധരൻ,വി. കണ്ണൻ എന്നിവർ സംസാരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
പൂർവവിദ്യാർത്ഥി സംഗമം
തൃക്കരിപ്പൂർ: പടന്ന എം.ആർ.വി. ഹയർ സെക്കൻഡറി സ്‌കൂൾ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് സ്‌കൂളിൽ നടക്കും. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്യും. 1968 മുതൽ പഠനം നടത്തിയ മുഴുവൻ ബാച്ചുകളുടെയും പ്രതിനിധികൾ ഉൾപ്പെടെ 1000 പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൂർവ വിദ്യാർത്ഥി കൗൺസിലിൽ രൂപവത്കരണവും കലാപരിപാടികളും നടക്കും. എസ്.സി. മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ എസ്.സി. മുഹമ്മദ് കുഞ്ഞി,ടി.എം.സി. കുഞ്ഞബ്ദുള്ള, കെ. വിലാസിനി, എസ്.സി. കുഞ്ഞഹമ്മദ്, കെ.പി. അബ്ദുള്ള, പി.വി. മുഹമ്മദ് അസ്ലം, വി.കെ. മഖ്സൂദലി എന്നിവർ പങ്കെടുത്തു.