കൂത്തുപറമ്പ്: സി.പി.എം.നേതാവ് വാളാങ്കിച്ചാലിലെ കെ.മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി കോടതിയിൽ കീഴടങ്ങി. പിണറായി ചേരിക്കലിലെ മീത്തിൽ താഴെ വീട്ടിൽ വി.ജിതേഷ് (34) ആണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ആർ.എസ്.എസ്. പ്രവർത്തകനായ ജിതേഷ് കേസിൽ പതിനാറാം പ്രതിയാണ്. 2016 ഓക്ടോബറിലായിരുന്നു സി.പി.എം പടുവിലായി ലോക്കൽ കമ്മറ്റി അംഗമായിരുന്ന മോഹനനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ആർ.എസ്.എസ്. പ്രവർത്തകരായ 16 പേർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസ്സെടുത്തിരുന്നത്. മറ്റ് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജിതേഷ് പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. പ്രതിയെ കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തു.