sneha

കണ്ണൂർ: മുടി നീട്ടിവളർത്തി സാരിയുടുത്ത് 'പെണ്ണായി' വോട്ടു ചെയ്യുന്നതിന്റെ ത്രില്ലിലാണ് തോട്ടട സ്വദേശി സ്നേഹ. ഏപ്രിലിൽ ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി സ്നേഹ സ്ത്രീയായി മാറുന്നതിനിടയിലെ പരിണാമഘട്ടത്തിൽ കന്നിവോട്ടിന്റെ ആഹ്ളാദം! ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്തുന്നതിലെ ആകാംക്ഷയുമുണ്ട്, സ്‌നേഹയുടെ മുഖത്ത്.

സ്നേഹയെ കൂടാതെ യമി, സൗമിനി, മനീഷ എന്നിവരും കണ്ണൂർ ജില്ലയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ആദ്യവോട്ട് രേഖപ്പെടുത്താൻ ഒരുങ്ങുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനും ശ്രമിക്കുന്ന പാർട്ടിക്കായിരിക്കും തങ്ങളുടെ വോട്ടെന്ന് ഇവർ പറയുന്നു .

പിണറായി സർക്കാ‌ർ അധികാരത്തിൽ വന്നതിനുശേഷം ട്രാൻസ്ജെൻഡറുകൾക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കിയെന്നാണ് ഇവരുടെ പക്ഷം. സ്വന്തമായൊരു വീടില്ലാത്തതിന്റെ പ്രയാസത്തിലാണ് ഇവരുൾപ്പെടെ ട്രാൻസ്ജെൻഡ‌ർ വിഭാഗത്തിലെ പലരും. ട്രാൻസ്ജെൻഡറുകൾക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നാണ് ആവശ്യം. അതിന് ഏതു രാഷ്ട്രീയ പാർട്ടി തയ്യാറായാലും പിന്തുണയ്‌ക്കും.

എന്നാൽ സർക്കാർ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അവയൊന്നും ലഭിക്കുന്നില്ലെന്നാണ് മനീഷയുടെ പരാതി. ട്രാൻസ്ജെൻഡറുകൾക്ക് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും അതുകൊണ്ട് എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ ഒരു സഹായവും അധികൃതർ നൽകുന്നില്ലെന്നും മനീഷ പറയുന്നു. തങ്ങളുടെ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ആര് മുന്നോട്ടു വന്നാലും അവർക്ക് വോട്ട് ഉറപ്പെന്നാണ് യമിയും സൗമിനിയും സാക്ഷ്യപ്പെടുത്തുന്നത്.

ഫോട്ടോ ക്യാപ്ഷൻ സ്നേഹയും മനീഷയും