k-p-satheesh-chandran

കാസർകോട് : കാസർകോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. സതീഷ്ചന്ദ്രന് മാസവരുമാനം എം.എൽ.എ പെൻഷനായ 25,000 രൂപ മാത്രം. മകന്റെ വിദ്യാഭ്യാസത്തിനായി കേരള ഗ്രാമീണ ബാങ്ക് നീലേശ്വരം ശാഖയിൽ നിന്ന് വായ്‌പയായ 1,93,807 രൂപയും നീലേശ്വരം അഗ്രികൾച്ചറൽ വെൽഫെയർ സൊസൈറ്റിയിലെ കാർഷികവായ്‌പയായ 3,21,535 രൂപയുമുൾപ്പെടെ 5,15,342 രൂപയുടെ കടബാദ്ധ്യതയുണ്ട്. പേരോൽ വില്ലേജിൽ പാരമ്പര്യമായി ലഭിച്ച രണ്ട് ഏക്കർ മുപ്പത്തിരണ്ടര സെന്റ് കൃഷിഭൂമിയും കോഴിക്കോട് ചേമഞ്ചേരി വില്ലേജിൽ അമ്മയുടെ വിഹിതമായ 25 സെന്റ് കരഭൂമിയുമുണ്ട്. ഭാര്യ സീതാദേവിയുടെ പേരിൽ പേരോൽ വില്ലേജിൽ 1.12 ഏക്കർ ഭൂമിയുണ്ട്. ഇതിൽ നിന്ന് വർഷത്തിൽ 20,000 രൂപ വരുമാനമുണ്ട്. വീടുൾപ്പെടെ 50.5 ലക്ഷം രൂപയുടെ ആസ്‌തിയുണ്ട്. ഭാര്യയുടെ കൈവശം നാലുപവൻ സ്വർണാഭരണമുണ്ട്.

സതീഷ്ചന്ദ്രന്റെ കൈയിൽ 20,000 രൂപയും ഭാര്യയ്‌ക്ക് 2000 രൂപയുമുണ്ട്. നീലേശ്വരം അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക്, നീലേശ്വരം എസ്.ബി.ഐ എന്നിവയിലെ അക്കൗണ്ട്, മലയാളം കമ്മ്യൂണിക്കേഷൻസ്, നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി എന്നിവിടങ്ങളിലെ ഓഹരികൾ അടക്കം 1,97,628 രൂപയുടെ നിക്ഷേപമുണ്ട്. രാഷ്ട്രീയസമരങ്ങളുമായി ബന്ധപ്പെട്ട രണ്ടുകേസുകളിൽ 300, 5200 രൂപ എന്നിങ്ങനെ പിഴയടച്ചിട്ടുണ്ട്.