airport

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോയുടെ പ്രതിദിനസർവീസുകൾ 31ന് തുടങ്ങും. കൊച്ചിയിലേക്ക് ദിവസവും രണ്ടു സർവീസുകൾ വീതവും തിരുവനന്തപുരത്തേക്ക് ഒരു പ്രതിദിന സർവീസുമാണ് തുടങ്ങുന്നത്. ഇതടക്കം ഏപ്രിൽ 15നകം കണ്ണൂരിൽനിന്ന് പുതുതായി 79 അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളാണ് തുടങ്ങുന്നത്.

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ ഡൽഹി, കോഴിക്കോട് സർവീസ് ഏപ്രിൽ ഒന്നിന് തുടങ്ങും. ഡൽഹിയിൽനിന്ന് കണ്ണൂർ വഴി കോഴിക്കോട്ടേക്കും തിരിച്ചും ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവീസ്.

എയർഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തിലേക്കുള്ള സർവീസും ഒന്നിന് തുടങ്ങും. തിങ്കൾ, ശനി ദിവസങ്ങളിൽ ബഹ്രൈൻ വഴിയാണ് സർവീസ്. രണ്ടുമുതൽ മസ്‌ക്കറ്റിലേക്കും എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് മസ്‌ക്കറ്റ് സർവീസ്. ഇതോടൊപ്പം ഷാർജ, ദോഹ എന്നിവിടങ്ങളിലേക്ക് അടുത്തമാസം മുതൽ എയർഇന്ത്യ എക്‌സ്പ്രസ് കൂടുതൽ സർവീസും നടത്തും. അബുദാബിയിലേക്ക് നിലവിൽ കൂടുതൽ സർവീസുകൾ തുടങ്ങിയിട്ടുണ്ട്.

ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഗോ എയറിന്റെ അധികസർവീസുകൾ 31, ഒന്ന് തീയതികളിൽ തുടങ്ങും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഹൈദരാബാദിലേക്ക് അധികസർവീസുകളുണ്ടാകും. രാത്രി 11നുള്ള സർവീസിന് പുറമേ മുംബൈയിലേക്ക് ഉച്ചയ്ക്കും സർവീസ് തുടങ്ങും. ഇതോടെ പ്രതിദിനം കണ്ണൂരിനും മുംബൈക്കുമിടയിൽ മൂന്നു സർവീസുകളുണ്ടാകും. ദമാമിലേക്ക് അന്താരാഷ്ട്രസർവീസ് തുടങ്ങാനും ഗോ എയർ തയ്യാറെടുക്കുകയാണ്.

ഇൻഡിഗോയും ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അധികസർവീസുകൾ ഏപ്രിലിൽ തുടങ്ങും.

ടിക്കറ്റ് നിരക്ക് കൂടി

കണ്ണൂരിൽനിന്നുള്ള അന്താരാഷ്ട്ര സർവീസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂടി. അവധിക്കാലം തുടങ്ങുന്നതും ജെറ്റ് എയർവേസിന്റെ നിരവധി സർവീസുകൾ റദ്ദാക്കിയതുമാണ് നിരക്കുയരാൻ കാരണമെന്ന് പറയുന്നു. ദോഹ, ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് 12,000 മുതൽ 15,000 വരെ ആയിരുന്നത് ഇപ്പോൾ 25,000 മുതൽ 32,000 വരെയായി. ഗൾഫിൽ അവധിക്കാലമാകുന്ന ജൂൺ, ജൂലായ് മാസങ്ങളിലും ടിക്കറ്റ് നിരക്ക് കൂടാനിടയുണ്ട്.

കണ്ണൂർ വിമാനത്താവളത്തിന് ഫ്യൂച്ചർ കേരള ബ്രാൻഡ് ഓഫ് ദി ഇയർ പുരസ്‌കാരം

മട്ടന്നൂർ: 2018ലെ ഫ്യൂച്ചർ കേരള ബ്രാൻഡ് ഓഫ് ദി ഇയർ പുരസ്‌കാരം കണ്ണൂർ വിമാനത്താവളത്തിന് ലഭിച്ചു.ഫ്യൂച്ചർ കേരളയുടെ അച്ചീവ്‌മെന്റ്‌സ് ഓഫ് കേരള ബ്രാന്റ് വിഭാഗത്തിലാണ് കണ്ണൂർ വിമാനത്താവളത്തിന് അംഗീകാരം ലഭിച്ചത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ കിയാൽ ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഉത്പൽ ബറുവ പുരസ്‌കാരം ഏറ്റുവാങ്ങി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കണ്ണൂർ വിമാനത്താവളം ലോകപ്രശസ്തി നേടിയതിന്റെ തെളിവാണെന്ന് പുരസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു. ചരക്കുകയറ്റുമതി ഇനിയും വർധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു..