കണ്ണൂർ : കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന അഷ്റഫ് ആഡൂർ (48) അന്തരിച്ചു. ഇന്നലെ രാവിലെ ഏഴിന് കണ്ണൂർ ആഡൂരിലെ 'കഥ" വീട്ടിലായിരുന്നു അന്ത്യം. ആഡൂരിലെ പരേതനായ മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്. കണ്ണൂർ സിറ്റി ചാനലിൽ സീനിയർ സബ് എഡിറ്ററായിരുന്നപ്പോൾ 2013ൽ പക്ഷാഘാതമുണ്ടായി. ഏറെ നാളത്തെ ചികിത്സയ്‌ക്കുശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അഷ്റഫ് സുഹൃത്തുക്കളും വായനക്കാരും ചേർന്ന് നിർമ്മിച്ച വീട്ടിലായിരുന്നു താമസം.
മരണം മണക്കുന്ന വീട്, കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികൾ, പെരുമഴയിലൂടൊരാൾ, മരിച്ചവന്റെ വേരുകൾ എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മുംബയ് ജ്വാല കഥാ അവാർഡ്, അങ്കണം ടി.വി. കൊച്ചുബാവ അവാർഡ്, ടി. പത്മനാഭൻ എഴുത്തിന്റെ 60 വർഷം ചെറുകഥാമത്സര പുരസ്‌കാരം, പാഠ സുവർണ മുദ്ര പുരസ്‌കാരം, എ.കെ.ജി സ്മാരക കഥാ പുരസ്‌കാരം, പൂങ്കാവനം മാസിക കഥാ അവാർഡ്, മുറ്റം കഥ അവാർഡ് തുടങ്ങിയ മുപ്പതിലേറെ പുരസ്‌കാരങ്ങൾ ലഭിച്ചു. മികച്ച പത്രപ്രവർത്തകനുള്ള പാമ്പൻ മാധവൻ അവാർഡ്, ജീവകാരുണ്യ ടെലിവിഷൻ റിപ്പോർട്ടിനുള്ള എ.ടി. ഉമ്മർ പുരസ്‌കാരം എന്നിവയും ലഭിച്ചു.
ഇരട്ട ക്ലൈമാക്‌സുള്ള ജീവിതം എന്ന കഥ, കഥാപാത്രം എന്ന പേരിലും കരഞ്ഞുപെയ്യുന്ന മഴ, പെയ്ത്ത് എന്ന പേരിലും താടി എന്ന കഥയും ഹ്രസ്വസിനിമയായി. ആദിമധ്യാന്തം എന്ന സിനിമയിലും പ്രവർത്തിച്ചു. ഏതാനും ഡോക്യുമെന്ററികളുടെ രചനയും നിർവഹിച്ചു.
ഭാര്യ: സി.എം. ഹാജിറ. മക്കൾ : ആദിൽ, അദ്‌നാൻ. മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നിന് പൊതുവാച്ചേരി കബർസ്ഥാനിൽ കബറടക്കി.