തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും അപകടസാദ്ധ്യത ഒഴിവായിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി. ജാഗ്രതാ നിർദ്ദേശം നാളെ വരെ നീട്ടി. അതിനിടെ സംസ്ഥാനത്ത് ഇന്നലെ 12 പേർക്ക് സൂര്യാഘാതമേറ്റു.
കൊല്ലം പുനലൂരിൽ ഏഴ് വയസുകാരൻ അടക്കം ആറു പേർക്കാണ് സൂര്യാഘാതമേറ്റു. കരവാളൂർ സ്വദേശി ശ്രീഹരി (7), മാത്ര സ്വദേശി ജയൻ(34), വെഞ്ചേമ്പ് സ്വദേശി മുഹമ്മദ് അൻസാരി (31), വിളക്കുവെട്ടം സ്വദേശി ധർമ്മരാജൻ (46), മുള്ളുമല സ്വദേശി സജി (33), കുളത്തൂപ്പുഴ സ്വദേശിനി വസുമതി അമ്മ (62) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പുനലൂരിലും സമീപപ്രദേശങ്ങളിലുമായി രണ്ടാഴ്‌ചയ്‌ക്കിടെ 40 പേർക്കാണ് സൂര്യാഘാതമേറ്റത്
കോഴിക്കോട്ട് ജില്ലയിൽ ഇന്നലെ സൂര്യതാപമേറ്റ രണ്ടു കുട്ടികളുൾപ്പെടെ അഞ്ചു പേർ ചികിത്സതേടി. മേപ്പയൂർ, മേലടി (അയനിക്കാട്) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ചികിത്സ തേടിയത്.
മട്ടന്നൂർ തില്ലങ്കേരിയിൽ പെൻഷൻ വിതരണത്തിനിടെ യുവതിക്ക് സൂര്യതാപമേറ്റു. തില്ലങ്കേരി സഹകരണ ബാങ്കിലെ കളക്‌ഷൻ ഏജന്റ് തലച്ചങ്ങാട് സ്വദേശിനി എ. അജിതയ്‌ക്കാണ് പൊള്ളലേറ്റത്. കഴുത്തിനും മുഖത്തും പൊള്ളലേറ്റതിനെ തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം സംസ്ഥാനത്തെ താപനില 40 ഡിഗ്രിക്ക് താഴെയാണിപ്പോൾ. വയനാട് ഒഴികെയുള്ള ജില്ലകളിൽ പരമാവധി താപനിലയിൽ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ വർദ്ധനയുണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും നേരിയ തോതിൽ വേനൽമഴ ലഭിച്ചേക്കും.