പാനൂർ: ചെണ്ടയാട് കുന്നുമ്മൽ കണ്ടോത്തുംചാൽ നടമ്മേലിലെ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ അക്രമം. കെ. മുരളീധരന്റെ പ്രചരണ പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. ചുമരെഴുതിയ മതിൽ തകർക്കാനും ശ്രമം നടന്നു. തുടർന്ന് സ്ഥാനാർത്ഥി കെ. മുരളീധരനും നേതാക്കളും സന്ദർശിച്ചു.ഇടതുപക്ഷം വടകര മണ്ഡലത്തിൽ വ്യാപകമായി അക്രമം നടത്തുകയാണെന്നും ഇതിനെതിരെയുള്ള വിധിയെഴുത്താകും ഉണ്ടാകുകയെന്നും മുരളീധരൻ പറഞ്ഞു.
മൂന്നാം വർഷവും നൂറുമേനി തന്നെ ഫണ്ട് ചിലവിൽ പാനൂർ മോഡൽ
പാനൂർ: മൂന്നാം വർഷവും പദ്ധതി നിർവഹണത്തിൽ നൂറ് ശതമാനം ഫണ്ട് ചിലവഴിച്ച് പാനൂർ ബ്ലോക്ക് പഞ്ചായത്ത്.കുട്ടികൾ, വൃദ്ധർ, വനിതകൾ എന്നിവരെയെല്ലാം പരിഗണിച്ച് പദ്ധതികൾ നടപ്പാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. നാല് അംഗൻവാടികളുടെ നിർമ്മാണത്തിന് എൻ.ആർ.ഇ.ജി.എസുമായി സംയോജിപ്പിച്ച് ഫണ്ട് വകയിരുത്തിയും, ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനവും, തരിശുരഹിത ബ്ലോക്ക് പഞ്ചായത്തും, വനിതാ ഗ്രൂപ്പിന് മൂല്യ വർദ്ധിത ഉത്പന്ന വിപണനവും, ലൈഫ് ഭവനരഹിതർക്ക് പ്രത്യേക ഫണ്ട് നൽകിയുമാണ് ഭരണസമിതി ലക്ഷ്യത്തിലെത്തിച്ചത്.
വയോജനങ്ങൾക്കായി യോഗപരിശീലനവും മാലിന്യ സംസ്‌കരണത്തിന് മെറ്റീരിയൽ റിക്കവറി ഫെഡിലിറ്റി സെന്ററും ക്ലീൻ കേരള കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതും നേട്ടമായി. ഉപാദ്ധ്യക്ഷ കെ. ഷിമി, സെക്രട്ടറി ടി.വി സുഭാഷ് എന്നിവരും പഞ്ചായത്ത് പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ വർക്കിഗ് സമിതി അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് നേട്ടത്തിന് പിന്നിലെന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് പറഞ്ഞു.