കാസർകോട്: വൃദ്ധ മാത്രം താമസിക്കുന്ന വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ഊർജിതമാക്കി. ആറരപ്പവൻ സ്വർണവും വെള്ളിപ്പാത്രങ്ങളും വീട്ടിൽ നിന്ന് കവർന്നിരുന്നു. കുമ്പള കുണ്ടങ്കരടുക്ക ഭജനമന്ദിരത്തിനടുത്ത് താമസിക്കുന്ന വൃന്ദ കിണി (64)യുടെ വീട്ടിലാണ് കവർച്ച നടന്നത്.

പൂജാമുറിയുടെ വെന്റിലേറ്റർ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ എല്ലാ മുറികളിലെയും അലമാരകൾ തകർത്ത് കവർച്ച നടത്തുകയായിരുന്നു. വിവരമറിഞ്ഞ് എസ്.ഐ ആർ.സി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഇമാമിനെ ആക്രമിച്ച സംഭവത്തിൽ

ഒരാൾ കസ്റ്റഡിയിൽ

കാസർകോട്: കാസർകോട് നെല്ലിക്കുന്ന് ജംഗ്ഷനിലെ നൂർ മസ്ജിദ് ഇമാമും കർണാടക കൽമടുക്ക ഉച്ചില ഹൗസിൽ അബ്ദുൽ ഖാദറിന്റെ മകനുമായ അബ്ദുൽ നാസർ സഖാഫി (26)യെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തിൽ ഭീഷണി സന്ദേശം വന്ന സിം കാർഡ് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുത്ത് ചോദ്യംചെയ്തുവരികയാണ്. കേസിൽ ഇതുവരെയായി 22 പേരെ ചോദ്യം ചെയ്തു. സംഭവത്തിൽ ജില്ലാ പൊലീസ് ചീഫ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

പ്രതികൾ വൈകാതെ തന്നെ പിടിയിലാകുമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. നേരത്തെ കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ കേസെടുത്തിരുന്നു. ഇതുകൂടാതെയാണ് ഭീഷണിസന്ദേശം വന്ന സിം കാർഡ് ഉടമ കർണാടക കർക്കള ബാംഗ്ലോ ഗുഡ്ഡെയിലെ മുഹമ്മദ് തൗഫീഖ് സഖാഫിക്കെതിരെ കേസെടുത്തത്. പിടിയിലായ മുഹമ്മദ് തൗഫീഖ് ആക്രമിക്കപ്പെട്ട ഇമാമിന്റെ സുഹൃത്താണ്. അഞ്ച് വർഷം സുള്ള്യയിലും രണ്ട് വർഷം കോഴിക്കോട്ടും ഇരുവരും ഒന്നിച്ച് മതപഠനം നടത്തിയിരുന്നു. എ.എസ്.ഐ പ്രദീപ് ആണ് കേസ് അന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ 21ന് രാത്രി ഒമ്പത് മണിയോടെ നെല്ലിക്കുന്നിലാണ് ഇമാമിന് നേരെ അക്രമമുണ്ടായത്.