മാഹി:കേരളത്തിലേതിന് അഞ്ചുദിവസം മുമ്പ് തിരഞ്ഞെടുപ്പ് നടക്കുന്ന മാഹിയിൽ പ്രചരണരംഗത്ത് ആട്ടവും അനക്കവുമില്ലാതെ നിൽക്കുകയാണിപ്പോഴും. അങ്ങ് പുതുച്ചേരിയിലെ ആവേശത്തിന് മാഹിയോളം എത്തിച്ചേരാനും കഴിഞ്ഞിട്ടില്ല.തൊട്ടടുത്തുള്ള വടകര മണ്ഡലത്തിലെ വീറും വാശിയും കണ്ട് കാഴ്ചക്കാരുടെ റോളിലാണിപ്പോൾ ഇന്നാട്ടുകാർ. മാഹി മുൻസിപ്പാൽ മൈതാനിയിൽ താൽക്കാലിക മോഡൽ ബൂത്ത് നിർമ്മിച്ച് വോട്ടർമാരെ വോട്ട് ചെയ്യാൻ പരിശീലിപ്പിക്കുകയും വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഉച്ചഭാഷിണിയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നുമുണ്ട്.
പുതുച്ചേരി ലോക് സഭ സീറ്റിൽ സ്ഥാനാർത്ഥികളെല്ലാം ഇതിനകം പത്രികകൾ നൽകിക്കഴിഞ്ഞു.
എന്നിട്ടും മാഹിയിൽ ആളനക്കമില്ല. ഒരു ചുമരെഴുത്തോ, ബാനറോ പോസ്റ്ററോ, ബോർഡോ ഒരു നോട്ടീസ് പോലുമോ ഇനിയും മാഹിയിലെത്തിയിട്ടില്ല.പുതുച്ചേരി സീറ്റിൽ തമിഴ്‌നാട് സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ്സ് സ്ഥാനാർത്ഥി വി .വൈദ്യലിംഗത്തിന് ഡി.എം.കെ, മുസ്ലിം ലീഗ്, ഇടത് പിന്തുണയുണ്ട്. മറുഭാഗത്ത് എൻ.ആർ.കോൺഗ്രസ് സ്ഥാനാർത്ഥി ഡോ: നാരായണസ്വാമിക്ക് ബി.ജെ.പി എ.ഐ.എ.ഡി.എം.കെ.കക്ഷികളുടെ പിൻബലവുമുണ്ട്. തിരഞ്ഞെടുപ്പ് ചൂടെത്തിയിട്ടില്ലെങ്കിലും നിയന്ത്രണങ്ങൾ കൂടുതലാണ്. കള്ളപ്പണവും മദ്യക്കടത്തും തടയാൻ ചുറ്റിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് ഒരുതരം ഉപരോധം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്.വിഷുവിനോടനുബന്ധിച്ചുള്ള പടക്കവിൽപനയ്ക്ക് പോലും ഭാഗികമായ നിയന്ത്രണമുണ്ട്. ഇലക്ഷൻ റിപ്പോർട്ട് ചെയ്യാനെത്തിയ വാഹനത്തിൽ പ്രതീകാത്മകമായി കെട്ടിയ ഉച്ചഭാഷിണി പോലും കസ്റ്റഡിയിലെടുത്തുവെന്നതിലുണ്ട് ഇവിടത്തെ നിയന്ത്രണം. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത ഇത്തരം നിയമം എന്തിനാണെന്ന ചോദ്യവും ഇവിടെ നിന്നുയരുന്നുണ്ട്.
തളിപ്പറമ്പിൽ വോട്ടുതേടി സുധാകരൻ
കണ്ണൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനർത്ഥി കെ. സുധാകരൻ തെരഞ്ഞെടുപ്പ് പൊതു പര്യടനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. പരിയാരം കോരൻപീടികയിൽ നിന്നുമാണ് രാവിലെപര്യടനം തുടങ്ങിയത്. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയാണ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തത്. അതിനിടെ കെ സുധാകരന് വോട്ടഭ്യർത്ഥിച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും കോരൻപീടികയിലെത്തി. കോരൻപീടികയിൽ നിന്ന് നൂറിലധികം ബൈക്കുകളുടെ അകമ്പടിയോടെയാണ് യുഡിഎഫ് പ്രവർത്തകർ സ്ഥാനാർത്ഥിയെ ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും ആനയിച്ചത്. ചിതപ്പിലെ പൊയിൽ, വായാട്, അരിപ്പാമ്പ്ര, തേറണ്ടി, ചപ്പാരപ്പടവ്, പെരുമ്പടവ്, എരുവാട്ടി എന്നിവിടങ്ങളിൽ സ്വീകരണത്തിന് ശേഷമാണ് ഉച്ചഭക്ഷണം.
കരിങ്കയം കട്ടയാൽ, തടിക്കടവ്, വായാട്ടുപറമ്പ് കവല, പടപ്പേങ്ങാട്, പന്നിയൂർ, പൂവം, ചെനയന്നൂർ, പൂമംഗലം, കൂനം, കുറുമാത്തൂർ എന്നിവിടങ്ങളിലായിരുന്നു ഉച്ച കഴിഞ്ഞുള്ള പ്രചരണം. പൂവത്ത് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷായിരുന്നു മുഖ്യപ്രാസംഗിക.രാത്രി മുയ്യം, ഏഴാംമൈൽ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം തളിപ്പറമ്പ് സയ്യിദ് നഗറിലായിരുന്നു മണ്ഡലത്തിലെ അവസാന സ്വീകരണം.
ആഡൂർ വിട വാങ്ങിയത് സ്വപ്നങ്ങൾ ബാക്കി വച്ച്
കണ്ണൂർ: എഴുത്തിന്റെ ലോകത്ത് ഒട്ടേറെ സ്വപ്‌നങ്ങൾ ബാക്കിവച്ചാണ് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അഷ് റഫ് ആഡൂർ ജീവിതത്തിൽ നിന്ന് മടങ്ങിയത്. അപ്രതീക്ഷിതമായെത്തിയ ശാരീരിക വൈഷമ്യം അലട്ടുമ്പോഴും വീണ്ടും തന്റെ തൂലികയിൽ നിരവധി സൃഷ്ടികൾ ഉയിർകൊള്ളുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. കഷ്ടപ്പാടിൽ ജീവിച്ചു തീർത്ത ബാല്യവും കൗമാരവും പ്രമേയമായാണ് അഷ് റഫിന്റെ മിക്ക രചനകളും. ജീവിതാനുഭവങ്ങൾ തന്നെയാണ് അത്തരം പ്രമേയങ്ങളിലേക്ക് നയിച്ചതും . പക്ഷാഘാതം കാരണം കിടപ്പിലായപ്പോൾ ചികിത്സയ്ക്ക് പണം സ്വരൂപിച്ചത് നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ്. സൗഹൃദ കൂട്ടായ്മയിലൂടെയാണ് തറവാടിനോടു ചേർന്ന് നാലു സെന്റിൽ അഷ്‌റഫ് ആഡൂരിന് ഒരു വീടൊരുക്കിയത്. മരണവിവരമറിഞ്ഞ് സുഹൃത്തുക്കളും വായനക്കാരുമായി ധാരാളം പേരാണ് രാവിലെ മുതൽ തന്നെ അഷ്റഫിന്റെ വീട്ടിലെത്തിയത്. ഉച്ചയ്ക്കു മൂന്നു മണിക്ക് പൊതുവാച്ചേരി ഖബർസ്ഥാനിലായിരുന്നു ഖബറടക്കം.
പെട്രോളിയം പദ്ധതിക്കെതിരെ പ്രതിഷേധവുമായി പെണ്ണൊരുമ സമര സംഗമം:
ജനവിരുദ്ധ വികസനം നടത്തുന്ന സർക്കാരുകളെ തിരുത്താൻ ജനങ്ങൾ സംഘടിക്കണം ദയാബായി
പയ്യന്നൂർ: കണ്ടങ്കാളി താലോത്ത് വയലിൽ പെട്രോളിയം സംഭരണ കേന്ദ്രം സ്ഥാപിക്കാനായി
നൂറ് ഏക്കർ നെൽവയൽ വിട്ടു കൊടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ താലോത്ത് വയലിൽ സ്ത്രീകളുടെ സമര കൂട്ടായ്മ 'പെണ്ണൊരുമ ' സംഘടിപ്പിച്ചു.സമര സംഗമം പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്തു.
എണ്ണക്കമ്പനികളുടെയും ഭൂമാഫിയകളുടെയും താല്പര്യമനുസരിച്ച് പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ സാമൂഹിക ആഘാത പഠനവും നിയമവിരുദ്ധമായി നടത്തിയ ഹിയറിംഗും പ്രഹസനമാണെന്ന് ചടങ്ങിൽ സംസാരിച്ച സമരസമിതി ചെയർമാൻ ടി.പി.പത്മനാഭൻ പറഞ്ഞു. ഇത് സമസമിതി നേരത്തെ വ്യക്തമാക്കിയതാണ് 2018ൽ നടത്തിയ പബ്ലിക് ഹിയറിങ്ങിൽ പങ്കെടുത്ത മുഴുവൻ ജനങ്ങളും തള്ളിക്കളഞ്ഞ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാനാവില്ല.കണ്ടങ്കാളിവയൽ എണ്ണ പദ്ധതിക്ക് അനുയോജ്യമാണെന്ന പ്രചരണങ്ങളെ ചെറുത്തു തോല്പിക്കണമെന്നും പത്മനാഭൻ ആവശ്യപ്പെട്ടു. പരിപാടിയുടെ ഭാഗമായി പുഴയിൽ കുട്ടികൾ ജലാർച്ചന നടത്തി.
കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിനാശവും തങ്ങളുടെ ഭാവിയെയാണ് അപകടപ്പെടുത്തുന്നത് എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോക വ്യാപകമായി പടരുന്ന കുട്ടികളുടെ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് കണ്ടങ്കാളി വയലും പുഴയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുഴയിൽ കുട്ടികൾ ജലാർച്ചന നടത്തിയത്. സമര സംഗമത്തിൽ എം. സുൽഫത്ത് അദ്ധ്യക്ഷത വഹിച്ചു. പത്മിനി കണ്ടങ്കാളി, മുനീസ അമ്പലത്തറ, സീതാദേവി കരിയാട്ട്, ഡോ. ഡി.സുരേന്ദ്രനാഥ്, അപ്പുക്കുട്ടൻ കരയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വികസനത്തിന്റെ പേരിൽ പദ്ധതികൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ സംഘടിക്കണം:ദയാബായി
പയ്യന്നൂർ:വായുവും വെള്ളവുമില്ലാതാക്കി വികസനമെന്ന പേരിൽ ജനങ്ങൾക്കുമേൽ പദ്ധതികൾ അടിച്ചേൽപിക്കുന്ന സർക്കാരുകളെ തിരുത്താൻ ജനങ്ങൾ സംഘടിക്കണമെന്ന് പെണ്ണൊരുമ സമരം ഉദ്ഘാടനം ചെയ്ത ദയാബായി പറഞ്ഞു. ജനാധിപത്യ ഇന്ത്യയിൽ എല്ലാം ജനങ്ങൾക്കെതിരാവുകയാണ്. പ്രകൃതി ചൂഷണങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും കൂട്ടുനിൽക്കുന്ന അധികാരികൾ ജനധിപത്യത്തെ വെല്ലുവിളിക്കുകയാണ്. പ്രാഥമിക അവകാശങ്ങൾ സംരക്ഷിക്കാൻ പോലും ജനകീയ പോരാട്ടം അനിവാര്യമായ കാലമാണിതെന്നും അവർ പറഞ്ഞു.
തലശ്ശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട;
ആറുലക്ഷത്തിന്റെ ബ്രൺഷുഗറുമായി മധ്യവയസ്‌കൻ പിടിയിൽ
തലശ്ശേരി:തലശ്ശേരിയിൽആറ് ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗറുമായി മഹരാഷ്ട്ര പനവേൽ സ്വദേശിഫായിസ് അഹമ്മദ് അബ്ദുൾ ഖാദർ (55) തലശ്ശേരി പൊലീസിന്റെ പിടിയിലായി.തലശ്ശേരി എ.എസ്.പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പരിസരത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിദ്യാർത്ഥികളെയും സമ്പന്നരെയും ലക്ഷ്യമാക്കി മഹാരാഷ്ട്രയിൽ നിന്നാണ് ബ്രൗൺഷുഗർ എത്തിക്കുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.കതിരൂർ സി.ഐ പ്രതാപ്, എസ്.ഐമാരയ അഷറഫ്, ഹരീഷ് ഷാഡോ പൊലീസ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, മീരജ്, രാജീവൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഹൈടെക് യുഗത്തിൽ അക്രമങ്ങൾക്ക് പ്രസക്തിയില്ല:കെ.മുരളീധരൻ
തലശ്ശേരി ഹൈടെക് യുഗത്തിൽ അക്രമങ്ങൾക്ക് പ്രസക്തിയില്ലെന്ന് വടകര പാർലിമെന്റ് മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. ലോകം മുഴുവൻ മാറി.അതോടൊപ്പം ശാസ്ത്രവും വികസിക്കുകയാണ്. ഒരു മുറിയിലിരുന്ന് ലോകത്തെ മുഴുവൻ കാര്യങ്ങളും വീക്ഷിക്കുന്നതരത്തിൽ ശാസ്ത്രം വളർന്നിരിക്കുമ്പോഴാണ് ഇവിടെ ഇപ്പോഴും വെട്ടും കൊലയുമായി
ചിലർ നടക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. വെൽഫെയർ പാർട്ടി സംഘടിപ്പിച്ച തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുയായിരുന്നു മുരളീധരൻ.കായ്യത്ത് റോഡിലെ കനക് റസിഡൻസിയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്. കെ.സയിദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ. കെ അബ്ദുള്ള,നഗരസഭ കൗൺസിലർമാരായ സീനത്ത് അബ്ദുൾ സലാം,മാജിത അഷ്ഫാക്ക് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സാജിദ് കോമത്ത് സ്വാഗതവും സി. പി അഷറഫ് നന്ദിയും പറഞ്ഞു. കോൺഗ്രസ് നേതാക്കളായ എം. പി അരവിന്ദാക്ഷൻ, അഡ്വ. സി. ടി സജിത്ത്, വി. എൻ ജയരാജ്, സജീവ് മാറോളി, കെ. ജയരാജ്, എം. വി സതീശൻ തുടങ്ങിയവർ സംബന്ധിച്ചു.