കാസർകോട്: എൻ.വൈ.എൽ പഞ്ചായത്ത് ജനറൽ സെക്രട്ടറിയെ മർദനമേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരിയാലിലെ അബ്ദുൽ ഖാദറിന്റെ മകൻ നൗഷാദ് ബള്ളീറിനെ (34) യാണ് ചെങ്കള ഇ.കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. നാട്ടിലെ ഒരു കല്യാണത്തിൽ പങ്കെടുത്ത് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന തന്നെ ഒരു സംഘം തടഞ്ഞുനിർത്തി ഇരുമ്പുവടി കൊണ്ട് മർദിക്കുകയായിരുന്നുവെന്ന് നൗഷാദ് പരാതിപ്പെട്ടു. കുറച്ചു ദിവസം മുമ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പഞ്ചായത്ത് തുക ഉപയോഗിച്ച് റോഡുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് അക്രമമെന്നും നൗഷാദ് പറഞ്ഞു. വിവരമറിഞ്ഞ് ടൗൺ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കൂടിനിന്നവരെ വിരട്ടിയോടിച്ചു. സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തി.