പുൽപ്പള്ളി : കല്ലുവയൽ ജയശ്രീ സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന പുൽപ്പള്ളി ആടിക്കൊല്ലി 56 മൂലേത്തറയിൽ ദാസന്റെ മകൾ അനഘാദാസ് (17) നെ കൊലപ്പെടുത്തിയ കേസിലെ പ്രതി പുൽപള്ളി മാരപ്പൻമൂല പുലിക്കപ്പറമ്പിൽ അബ്ദുൾ റഹ്മാനെ (22) അഞ്ചു വർഷം തടവിനും 25000 രൂപ പിഴയടയ്ക്കാനും മൈസൂർ ജില്ലാ കോടതി ശിക്ഷിച്ചു.
2014 ഫെബ്രുവരി 14 നാണ് കൊല നടന്നത്. ഗുണ്ടൽപേട്ട മദൂരിനടുത്തെ ബേരമ്പാടി തടാകത്തിലാണ് അനഘയുടെ മൃതദേഹം കണ്ടെത്തിയത്. അനഘയുടെ ജന്മദിനവും വാലന്റൈൻ ദിനവും ആഘോഷിക്കാനെന്ന വ്യാജേന അബ്ദുൾ റഹ്മാൻ അനഘയെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നു.
ചാമരാജ് നഗർ എസ് പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കേസ് അന്വേഷിച്ചത്. 2014 ഫെബ്രുവരി 14ന് രാവിലെ 11 മണിയോടെയാണ് വിദ്യാർഥിനിയുമായി അബ്ദുൾറഹ്മാൻ കക്കൽതൊണ്ടിയിലെത്തിയത്. തടാകത്തിൽ കുളിക്കാനിറങ്ങിയ അനഘ നീന്തലറിയാതെ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പൊലീസിൽ നൽകിയ മൊഴി. എന്നാൽ കുളിക്കാനുപയോഗിക്കാത്ത, ചെളിനിറഞ്ഞ ഈ തടാകത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പരിസരവാസികൾ സംശയം ഉന്നയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
തടാകത്തിലിറങ്ങിയ അനഘയെ അബ്ദുൾ റഹ്മാൻ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇതിനെ എതിർത്ത അനഘ തിരികെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയുമായിരുന്നു. തുടർന്നാണ് പ്രതി അനഘയെ തടാകത്തിൽ മുക്കി കൊന്നതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
മൃതദേഹം തടാകത്തിൽ തള്ളിയ ശേഷം അബ്ദുർറഹ്മാൻ അവിടെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നവരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാർ ഉടൻ ഗുണ്ടൽപേട്ട പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി അബ്ദുർറഹ്മാനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൊലചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പ് ഒരു വിവാഹവീട്ടിൽ വെച്ച് പരിചയപ്പെട്ട അനഘയെ അബ്ദുൾ റഹ്മാൻ നിരന്തരമായി ഫോണിൽ വിളിക്കുകയും പെൺകുട്ടിയെ വലയിലാക്കുകയുമായിരുന്നു.
ചില സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള അബ്ദുൾ റഹ്മാൻ സിനിമാ നടനെന്ന പേരിലായിരുന്നു പെൺകുട്ടികളെ വശത്താക്കിയിരുന്നത്.