തിരൂരങ്ങാടി: കുടിവെള്ള പദ്ധതി പൈപ്പ് ലൈനിടാൻ കുഴിയെടുക്കുന്നതിന്റെ ഭാഗമായി റോഡരികിൽ കൂട്ടിയിട്ട മണ്ണിൽ കയറിയ ബൈക്ക് തെന്നിയപ്പോൾ റോഡിൽ വീണ വീട്ടമ്മ ടിപ്പർലോറി കയറി മരിച്ചു. എ.ആർ നഗർ കൊടുവായൂർ സ്വദേശി എടപ്പയിൽ പ്രീതാഭായ് (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് ഭർത്താവ് നെച്ചിക്കാടൻ ചന്ദ്രനൊപ്പം ബൈക്കിൽ തൊട്ടടുത്ത ആശുപത്രിയിലേക്ക് പോവുമ്പോഴാണ് അപകടം. എ.ആർ നഗർ പഞ്ചായത്ത് കുടിവെള്ള പദ്ധതിക്കായി ചാല് കീറുന്നതിന്റെ ഭാഗമായി മണ്ണ് റോഡരികിൽ കൂട്ടിയിട്ടിരുന്നു. വളവ് തിരിഞ്ഞ് റോഡിലേക്ക് കയറുമ്പോഴാണ് അപകടം. റോഡിലേക്ക് തെറിച്ച് കിടന്നിരുന്ന മണ്ണിൽ കയറിയപ്പോൾ ബൈക്ക് മറിഞ്ഞു. പ്രീതാഭായ് റോഡിലേക്കും ഭർത്താവ് എതിർദിശയിലേക്കുമാണ് വീണത്. ഈ സമയം വന്ന ടിപ്പർ പ്രീതാഭായിയുടെ ദേഹത്തു കയറിയിറങ്ങി. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് നെച്ചിക്കാടൻ ചന്ദ്രൻ റിട്ട.വാട്ടർ അതോറിറ്റി ജീവനക്കാരനും ഐ.എൻ.ടി.യു.സി മുൻ ജില്ലാ സെക്രട്ടറിയുമാണ്. മക്കൾ: അർജുൻ ചന്ദ് (പരപ്പനങ്ങാടി ബി.എസ്.എൻ.എൽ ജീവനക്കാരൻ), ആരതി ഭായ് (എ.ആർ.നഗർ സഹകരണബാങ്ക്), അമൃത ഭായി (മിംസ്, കോട്ടയ്ക്കൽ) തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു