മഞ്ചേരി: എടയൂർ പൂക്കാട്ടിരിയിൽ ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൂക്കാട്ടിരി പാങ്ങോട് ജുബൈരിയയെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അരക്കുപറമ്പ് പള്ളിക്കുന്ന് വെള്ളടിക്കാട്ടിൽ അബ്ദുറഹ്മാനാണ് മഞ്ചേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും, കവർച്ചയ്ക്ക് ജീവപര്യന്തം തടവ്, തെളിവു നശിപ്പിച്ചതിന് ഏഴുവർഷം തടവും 20,000 രൂപ പിഴയുമാണ് ജഡ്ജി എ.വി. നാരായണൻ വിധിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽമതി. പിഴയൊടുക്കാത്തപക്ഷം ഒരുവർഷം അധിക തടവ് അനുഭവിക്കണം. 2015 ആഗസ്ത് ആറിനാണ് കേസിനാസ്പദമായ സംഭവം. 48കാരിയായ ജുബൈരിയയുടെ സ്വർണാഭരണങ്ങൾ പ്രതി മോഷ്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്യപ്പെടുമെന്ന സംശയത്തിൽ പ്രതി യുവതിയെ പൂക്കാട്ടിരിയിലെ പന്തച്ചിറ തോട്ടിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിൽ നിന്നും ബാക്കിയുള്ള ആഭരണങ്ങൾ കൂടി കവർന്ന ശേഷം തെളിവു നശിപ്പിക്കാൻ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് വെള്ളത്തിൽ ഒഴുക്കിവിട്ടു. സാഹചര്യ തെളിവുകൾ അടിസ്ഥാനമാക്കിയാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. സൈബർസെല്ലിന്റെ സഹായത്തോടെ ശേഖരിച്ച, കൊല്ലപ്പെട്ട സ്ത്രീയുടെയും പ്രതിയുടെയും മൊബൈൽ ലൊക്കേഷൻ വിവരങ്ങളും കവർന്ന ആഭരണങ്ങൾ പ്രതിയിൽ നിന്നും വിൽപ്പന നടത്തിയ ജുവലറിയിൽ നിന്നും കണ്ടെത്താനായതും കേസിൽ നിർണ്ണായകമായി. 1995ൽ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അബ്ദുറഹ്മാൻ പിടിയിലായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു.