പെരിന്തൽമണ്ണ: വെള്ളിയാഴ്ച അങ്ങാടിപ്പുറം വലമ്പൂരിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വലമ്പൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന മൂന്നാക്കൽ അബൂബക്കർ ഹാജിയുടെ മകൻ ഫഹദിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ബംഗ്ലാദേശ് കോളനിക്ക് സമീപം നെച്ചിക്കുളത്ത് പറമ്പിൽ ഇത് വഴി വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പിന്നീട് മങ്കട പൊലീസിൽ വിവരമറിയിച്ചു. യുവാവ് സഞ്ചരിച്ച ബൈക്കും ചെരിപ്പും സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. മഞ്ചേരി സി.ഐ.ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോകും. റെയിൽവേ സ്റ്റേഷന് സമീപം കച്ചവടം നടത്തി വരുന്ന ഫഹദ് വെള്ളിയാഴ്ച രാത്രി എട്ടോടെ കടയടച്ച ശേഷം ഉടൻ വരാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ ബൈക്കുമായി പോയതാണന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ മൃതദേഹം കണ്ടെത്തിയത്. മാതാവ്: ജമീല, ഭാര്യ: ഷറഫീന. ഫനാൻ ഏക മകനാണ്. സഹോദരങ്ങൾ. ഫിറോസ്, ഫൈസൽ, ഫാസിൽ