gokulam-f-c
gokulam f c

കോഴിക്കോട്: അഭിമാന പോരാട്ടത്തിൽ കരുത്തരായ നെരോക്ക എഫ്.സിയെ പരാജയപ്പെടുത്തി ഐ. ലീഗിൽ ഗോകുലം കേരള എഫ്.സിയുടെ ഉയർത്തെഴുന്നേൽപ്പ്. അഞ്ചാം സ്ഥാനത്തുള്ള നെരോക്കയെ 2-1നാണ് മലബാറിയിൻസ് അട്ടിമറിച്ചത്. 13 മത്സരങ്ങൾക്ക് ശേഷം സ്വന്തമാക്കിയ വിജയത്തോടെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് കരകയറാൻ ഗോകുലത്തിനായി.

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗോകുലത്തിന്റെ വിജയം. 46ാം മിനിട്ടിൽ ഡാനിയേൽ അഡ്ഡുവും 82ാം മിനിട്ടിൽ മാർക്കസ് ജോസഫും ഗോകുലത്തിനായി ഗോളുകൾ നേടി. 23ാംമിനിട്ടിൽ ഫെലിക്സ് ചിഡിയാണ് നെരോക്കയ്ക്കായി ഗോൾ നേടിയത്.

ആക്രമിക്കാനുറച്ച് മൈതാനത്തിറങ്ങിയ ഗോകുലം തുടക്കം മുതൽ തന്നെ നയം വ്യക്തമാക്കി. മാർക്കസ് ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ മുന്നേറ്റങ്ങൾ പലപ്പോഴും ഗോളിന് അടുത്തുവരെ എത്തി. എന്നാൽ ഗോകുലം നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയപ്പോൾ 23ാം മിനിട്ടിൽ ഫെലിക്സ് ചിഡി നെരോക്കയ്ക്ക് ലീഡ് സമ്മാനിച്ചു. മെയ്തി നൽകിയ മനോഹരമായ ക്രേസ് വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ ചിഡിയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഒരു ഗോളിന് പിന്നിലായതോടെ ഗോകുലം ആക്രമണങ്ങൾക്ക് മൂർച്ഛകൂട്ടി.

46ാം മിനിട്ടിൽ ഗോകുലം അർഹിച്ച ഗോൾ സ്വന്തമാക്കി. സുന്ദരമായ നീക്കത്തിനൊടുവിൽ മാർക്കസ് നൽകിയ പാസ് സ്വീകരിച്ച ഡാനിയേൽ അഡ്ഡു പെനാൾട്ടി ബോക്സിന് വെളിയിൽ നിന്ന് കരുത്തുറ്റ ഷോട്ടിലൂടെ നെരോക്കയുടെ വലകുലുക്കി. സമനില പിടിച്ചതോടെ ജയത്തിനായുള്ള പോരാട്ടമായി. മാർക്കസിന്റെയും അർജുൻ ജയരാജിന്റെയും, ഇമ്മാനുവലിന്റെയും നീക്കങ്ങൾ നെരോക്ക പ്രതിരോധത്തെ ഉലച്ചു. 82 ാം മിനിട്ടിൽ മികച്ച ടീം വർക്കും മാർക്കസിന്റെ ക്ലിനിക്കൽ ഫിനിഷിംഗും ഗോകുലത്തെ മുന്നിലെത്തിച്ചു. പ്രതിരോധത്തിൽ നിന്ന് മെഹ്ദാബ് സിംഗിൽ നിന്ന് തുടങ്ങിയ നീക്കമാണ് ഗോളിൽ അവസാനിച്ചത്. മെഹ്ദാബിൽ നിന്ന് ബാൾ സ്വീകരിച്ച അർജ്ജുൻ ജയരാജ് അഡ്ഡുവിന് പാസ് നൽകി. അഡ്ഡുവിന്റെ പാസ് കണക്ട് ചെയ്ത മാർക്കസ് ബോളുമായി നെരോക്ക ബോക്സിലേക്ക് കുതിച്ചു. ഗോളി ലളിത് ഥാപ്പയുടെ പ്രതിരോധ ഭേദിച്ച് മാർക്കസ് പോസ്റ്റിന്റെ വലത് മൂലയിലേക്ക് പന്ത് തട്ടിയിട്ടു.

പ്രതിരോധം ശക്തമാക്കുകയും അഡ്ഡുവിനെ മദ്ധ്യനിരയിൽ കളിപ്പിച്ച നീക്കവുമാണ് ഗോകുലത്തിന്റെ വിജയത്തിൽ നിർണായകമായത്. മുന്നേറ്റ നിരയിലേക്ക് യഥേഷ്ടം പന്തെത്തുകയും ചെയ്തതോടെ ഗോകുലം കളിയിലുട നീളം മികച്ചു നിന്നു. മുൻ ഐ.എസ്.എൽ താരം ചെൻചോയും ജപ്പാൻ താരം കറ്റ്സുമി യുസയും ഗോൾ നേടിയ ഫെലിക്സ് ചിഡിയും ഗോകുലത്തിന് വെല്ലുവിളി ഉയർത്തി.

സീസണില്‍ മൂന്നാം വിജയം നേടിയ ഗോകുലത്തിന് 19 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റായി. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ഗോകുലം. 19 മത്സരത്തിൽ നിന്ന് 26 പോയന്റുള്ള നോരോക്ക അഞ്ചാമതാണ്.