കൽപ്പറ്റ: ഒമ്പതാമത് കരിന്തണ്ടൻ സ്മൃതി യാത്ര മാർച്ച് 10ന് നടക്കും. രാവിലെ 10 മണിക്ക് അടിവാരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര വൈകീട്ട് 5 മണിക്ക് ചങ്ങല മരച്ചുവട്ടിൽ അവസാനിക്കും.
യാത്രയ്ക്ക് മുന്നോടിയായി ഫെബ്രുവരിയിൽ പണിയ യുവാക്കൾക്കായി ഫുട്‌ബോൾ മേളയും, വയനാട്ടിലെ സ്‌കൂൾ തല വിദ്യാർത്ഥികൾക്കായി സാഹിത്യ രചനാ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. 53 ടീമുകളാണ് കരണി സ്റ്റേഡിയത്തിൽ നടന്ന ഫുട്‌ബോൾ മത്സരത്തിൽ മാറ്റുരച്ചത്.
സ്മൃതി യാത്രയിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള പണിയ സമുദായ അംഗങ്ങൾ പങ്കെടുക്കും. ചുരത്തിന് വഴിതെളിച്ച തങ്ങളുടെ പൂർവികനോടുള്ള ആദരമായിട്ടാണ് പീപ്പ് സംഘടനയുടെ നേതൃത്വത്തിൽ പരിപാടി നടത്തുന്നത്.